പ്രതാപം വീണ്ടെടുക്കണം, സൂപ്പര്‍ പരിശീലകനെ പ്രഖ്യാപിച്ച് എസി മിലാന്‍

Image 3
FeaturedFootballUncategorized

പുതിയ സീസണിലേക്ക് പുതിയ മാനേജറെ കണ്ടെത്തി ഇറ്റാലിയന്‍ വമ്പന്മാരായ എ സി മിലാന്‍. ജര്‍മന്‍ ക്ലബായ റെഡ്ബുള്‍ ലെയ്പ്സിഗിന്റെ ഇപ്പോഴത്തെ മാനേജരായ റാല്‍ഫ് റാങ്‌നിക്കാണ് അടുത്ത സീസണില്‍ മിലാനിലേക്ക് ചേരുക. ഒക്ടോബര്‍ മുതല്‍ മിലാനെ പരിശീലിപ്പിച്ചിരുന്ന സ്റ്റെഫാനോ പിയോളിക്ക് പകരക്കാരനായാണ് ജര്‍മന്‍ പരിശീലകന്റെ വരവ്.

മിലാന്റെ പുതിയ പരിശീലകസ്ഥാനത്തോടൊപ്പം തന്നെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ സ്ഥാനത്തേക്കും റാങ്‌നിക്കിനെ മിലാന്‍ പരിഗണിക്കുന്നുണ്ട്. പൗലോ മാല്‍ഡിനിയാണ് ഇപ്പോഴത്തെ മിലാന്റെ സ്‌പോര്‍ട്ടിങ് ഡയക്ടറെങ്കിലും രംഗ്നിക്കിനെ ആ സ്ഥാനത്തേക്ക് കൂടി പരിഗണിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പേ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബയേണ്‍മ്യൂണിക്കും പോലെയുള്ള വമ്പന്‍ ക്ലബ്ബുകള്‍ ഈ 68കാരന്റെ പിറകിലുണ്ടായിരുന്നു. ഒടുവില്‍ ഈ സീസണ് ശേഷം എസി മിലാനുമായി ചേരാന്‍ റാങ്‌നിക്ക് കരാറിലെത്തുകയായിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് മിലാനെ റാങ്‌നിക്ക് പരിശീലിപ്പിക്കുക.

നിലവിലെ പരിശീലകനായ പിയോളി അടുത്തിടെ മികച്ച വിജയങ്ങള്‍ നേടിയെങ്കിലും സീരി എയില്‍ ഏഴാം സ്ഥാനം മാത്രമാണ് എസി മിലാന്‍ സ്വന്തമാക്കാനായത്. യുവെന്റ്സുമായി 29 പോയിന്റിന്റെ വ്യത്യാസത്തിലുള്ള എസി മിലാന്‍ ഇന്ന് 17 പോയന്റ് വ്യത്യാസത്തില്‍ നാലാം സ്ഥാനത്തുള്ള അറ്റലാന്റായെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.