ബദ്ധവൈരികള്‍ക്ക് കനത്ത ശിക്ഷ നല്‍കിയപ്പോള്‍ എറ്റവും സന്തോഷവാന്‍,വ്യത്യസ്തനായി പികെ
എസ്പാന്യോളുമായുള്ള കാറ്റാലന്‍ ഡെര്‍ബിക് മുന്നോടിയായി നടന്ന ഒരു സംഭവത്തിലൂടെ വ്യത്യസ്തനായിരിക്കുകയാണ് ബാഴ്സലോണ താരം ജെറാര്‍ഡ് പീക്കെ. സഹതാരങ്ങള്‍ ആഡംബരകാറുകളില്‍ മത്സരത്തിനെത്തിയപ്പോള്‍ തന്റെ സൈക്കിള്‍ ചവിട്ടി ക്യാമ്പ് നൗവിലെത്തിയാണ് പീക്കെ വ്യത്യസ്തനായിരിക്കുന്നത്.
മത്സരത്തില്‍ ഒരു ഗോളിന് ബാഴ്സ വിജയിക്കുകയും തങ്ങളുടെ കാറ്റാലന്‍ ചിരവൈരികളെ സെക്കന്റ് ഡിവിഷന്‍ ലീഗിലേക്ക് തരംതാഴ്ത്താനും ബാര്‍സലോണക്കായി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ രണ്ടു റെഡ് കാര്‍ഡുകള്‍ കണ്ടപ്പോള്‍ ഗ്രീസ്മാന്റെ മുന്നേറ്റത്തിലൂടെ മെസിയെടുത്ത ഷോട്ട് എസ്പാന്യോള്‍ കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ കിട്ടിയ പന്ത് സുവാരസ് ഗോളിലെത്തിക്കുകയായിരുന്നു.
എസ്പാന്യോളിന്റെ ഫെര്‍ണാണ്ടോ കാലെറോയെ ഫൗള്‍ ചെയ്തതിനു ബാഴ്സയുടെ യുവതാരം അന്‍സു ഫാറ്റിയും ജെറാര്‍ഡ് പിക്യെ ഫൗള്‍ ചെയ്തതിനു എസ്പാന്യോള്‍ മിഡ്ഫീല്‍ഡര്‍ പോള്‍ ലോസാനോയുമാണ് റെഡ് കാര്‍ഡ് കണ്ടു കളം വിട്ടത്.
ഇത് ലാലിഗയില്‍ എസ്പാന്യോളിന്റെ തുടര്‍ച്ചയായ ആറാമത്തെ തോല്‍വിയായിരുന്നു. തരംതാഴ്ത്തലില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ബാഴ്സയുമായി എസ്പാന്യോളിനു ജയിച്ചേ തീരുമായിരുന്നുള്ളു. തരംതാഴ്ത്തലില്‍ നിന്നും രക്ഷപെടാന്‍ 11 പോയിന്റ് ആവശ്യമായിരുന്ന എസ്പാന്യോളിനു ബാഴ്സയുമായുള്ള തോല്‍വിയിലൂടെ റെലെഗേഷന്‍ ഉറപ്പിക്കുകയായിരുന്നു.
ഇതാദ്യമായല്ല ജെറാര്‍ഡ് പീക്കെ സൈക്കിള്‍ ചവിട്ടി മത്സരത്തിനെത്തുന്നത്. 2018ല്‍ ട്രെയിനിങ്ങിന് പീക്കെ ഇതേ രീതിയില്‍ സൈക്കിളില്‍ എത്തിയിരുന്നു.തന്റെ ഭാര്യയെ അധിക്ഷേപിച്ച എസ്പാന്യോളിന്റെ പെറോകോ ആരാധകരുമായി പീക്കെ മുന്‍പൊരിക്കല്‍ വഴക്കിനു മുതിര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ എസ്പാന്യോളിന്റെ തോല്‍വിയിലും തരംതാഴ്ത്തലിലും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ജെറാര്‍ഡ് പീക്കെ തന്നെയായിരിക്കും.