ഗെയില്‍ വരുന്നു, പുറത്താകുന്നത് വെടിക്കെട്ടിന്റെ സുല്‍ത്താന്‍

തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒടുവില്‍ ക്രസ് ഗെയിലിന് അവസരം നല്‍കുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയാണ് ഗെയിലിനെ പ്ലേയിംഗ് ഇലവനില്‍ പഞ്ചാബ് ഉള്‍പ്പെടുത്തുന്നത്. ഐപിഎല്ലിലെ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും 41 റണ്‍സ് മാത്രമാണ് മാക്‌സ് വെല്ലിന് നേടാനായുളളു. ഇതോടെയാണ് മാക്‌സ് വെല്ലിനെ പുറത്തിരുത്തി ഗെയിലിനെ പരീക്ഷിക്കാന്‍ പഞ്ചാബ് ഒരുങ്ങുന്നത്.

ഗെയില്‍ ഈ സീസണില്‍ കളിക്കുന്ന ആദ്യ ഐപിഎല്‍ മത്സരം കൂടിയാവും ഇത്. ടീമിന് നിര്‍ണായകമായ സമയത്ത് ഗെയ്ല്‍ ഇറങ്ങുമെന്ന് നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പറഞ്ഞിരുന്നു. കിംഗ്സ് ഇലവന്‍ ബാറ്റിംഗ് കോച്ച് വസീം ജാഫറും ഗെയ്ലും മുജീബും ഉടന്‍ തന്നെ കളിക്കുമെന്ന് പറഞ്ഞിരുന്നു.

അതേസമയം ഗെയിലിന്റെ വരവ് ടീം ലൈനപ്പിലും മാറ്റങ്ങളുണ്ടാവും. രാഹുലും ഗെയിലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. അപ്പോള്‍ ഫോമിലുള്ള മായങ്ക് അഗര്‍വാള്‍ മൂന്നാം സ്ഥാനത്ത് കളിക്കും. നാലാം സ്ഥാനത്ത് മന്‍ദീപ് സിംഗിനെയും അഞ്ചാം സ്ഥാനത്ത് നിക്കോളാസ് പൂരാനെയും പഞ്ചാബ് കളിപ്പിക്കും.

ബൗളിംഗിലും മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പഞ്ചാബിന്റെ നീക്കം. ക്രിസ് ജോര്‍ദാന്‍ വീണ്ടും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ അദ്ദേഹം പുറത്തിരിക്കും. പകരം മുജീബ് ഉര്‍ റഹ്മാന്‍ കളിക്കും. ജോര്‍ദാനെ ഡെത്ത് ബൗളര്‍ എന്ന നിലയിലാണ് പഞ്ചാബ് പരിഗണിച്ചത്. എന്നാല്‍ വന്‍ പരാജമായി താരം മാറി.

അതേസമയം ഓപ്പണിംഗ് ജോഡിയിലേക്ക് ഗെയ്ല്‍ വരുന്നതോടെ പഞ്ചാബിന്റെ ടോപ് ത്രീ അതിശക്തമാകും. ഫിനിഷര്‍മാരുടെ ചുമതല പൂരാനും മന്‍ദീപ് സിംഗിനും ലഭിക്കും. പഞ്ചാബിനുള്ള പ്രശ്നം ഗെയ്ലിനെ ബാറ്റിംഗിനല്ലാതെ മറ്റൊരു തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ്. ഗെയ്ല്‍ നല്ല ഫീല്‍ഡറല്ല. ഇപ്പോള്‍ ബൗള്‍ ചെയ്യാറുമില്ല.

You Might Also Like