സഞ്ജുവിന് സംഭവിച്ചത് സൂര്യയേയും കാത്തിരിക്കുന്നു, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിയ ടീം ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരം ഗൗതം ഗംഭീര്‍. ഒരു മത്സരം മാത്രം കളിച്ച, ഒരു ബോള്‍ പോലും ബാറ്റു ചെയ്യാത്ത സൂര്യകുമാറിനെ അടുത്ത മത്സരത്തില്‍ മാറ്റി നിര്‍ത്തിയത് തന്നെ ഞെട്ടിച്ചെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗംഭീര്‍ പറഞ്ഞു.

‘സൂര്യകുമാറിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നു എങ്കില്‍ ഒഴിവാക്കിയ തീരുമാനം എന്നെ വേദനിപ്പിക്കും. കാരണം 21-22 വയസല്ല സൂര്യകുമാറിന്റെ പ്രായം. ഇപ്പോള്‍ തന്നെ സൂര്യകുമാറിന് 30 വയസായി. സ്വന്തം സ്ഥാനത്തെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു കളിക്കാരന്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പ്രായമാണിത്. ഈ പ്രായത്തില്‍ ഒന്നോ രണ്ടോ മോശം പ്രകടനം ടീമിലെ അയാളുടെ സ്ഥാനം തെറിപ്പിക്കും. പകരം ആ സ്ഥാനത്തേക്ക് യുവ താരത്തെ കൊണ്ടുവരും.’

‘ഒരു കളിക്കാരന്റെ പ്രതിഭ അളക്കാന്‍ മൂന്നോ നാലോ മത്സരങ്ങള്‍ എങ്കിലും കളിപ്പിക്കണം. എന്നാല്‍ തന്റെ ആദ്യ മത്സരം കളിച്ച സൂര്യകുമാറിന് ബാറ്റിംഗിന് ഇറങ്ങാന്‍ കൂടിയായില്ല. പിന്നെ എങ്ങനെയാണ് സൂര്യകുമാറിനെ വിലയിരുത്തുക. മനീഷ് പാണ്ഡെയ്ക്ക് സംഭവിച്ചത് നോക്കൂ. ആരും ഇപ്പോള്‍ മനീഷിനെ കുറിച്ച് സംസാരിക്കുന്നില്ല. സഞ്ജു സാംസണിനെ നോക്കു. സഞ്ജു എവിടെ പോയെന്ന് ആരും ചോദിക്കുന്നില്ല. ആദ്യ കളിയില്‍ ഓപ്പണറായി ഇറങ്ങി അര്‍ദ്ധ ശതകം നേടിയ ഇഷാന്‍ കിഷനെ അടുത്ത കളിയില്‍ മൂന്നാം നമ്പറിലാണ് ഇറക്കിയത്. ഇത് കളിക്കാരെ പിന്തുണയ്ക്കുന്ന രീതിയല്ല’ ഗംഭീര്‍ പറഞ്ഞു.

മൂന്നാം മത്സരത്തില്‍ സൂര്യകുമാറിനെ ഒഴിവാക്കിയതിനെതിരെ വന്‍പ്രതിഷേധം നടക്കുന്നത്. നിരവധി ആരാധകര്‍ ടീം ഇന്ത്യയുടെ ഈ തീരുമാനം ചോദ്യം ചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു.

അതെസമയം കെ.എല്‍ രാഹുല്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ സൂര്യകുമാറിന് നാലാം മത്സരത്തില്‍ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 1,0,0 എന്നിങ്ങനെയാണ് പരമ്പരയിലെ രാഹുലിന്റെ പരമ്പരയിലെ പ്രകടനം.