അവന് കഴിവുണ്ട്, പക്ഷെ തലകുനിയ്ക്കാന്‍ തയ്യാറാകണം, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ കണ്ടെത്തലായിരുന്നു ശുഭ്മാന്‍ ഗില്ലെന്ന ഓപ്പണര്‍. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ താരം ആറ് ഇന്നിങ്സില്‍ നിന്ന് 51.8 ശരാശരിയില്‍ 259 റണ്‍സാണ് നേടിയത്. ഗാബയില്‍ 91 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും ഗില്ലിനായി.

ഇപ്പോഴിതാ ഗില്ലിന് നിര്‍ണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഗില്ലിന് കഴിവുകളുണ്ടെങ്കിലും മുന്നോട്ട് പോകണമെങ്കില്‍ വിനയത്തോടെ പോകണമെന്നാണ് ഗംഭീര്‍ ഉപദേശിച്ചിരിക്കുന്നത്.

‘രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറാവാന്‍ അവന് മികവുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ തോക്കിന്റെ മുന്നിലേക്ക് ചാടരുത്. അവന്‍ മികച്ച പ്രതിഭയാണ് എന്നാല്‍ തലകുനിച്ച് വിനയത്തോടെ മുന്നോട്ട് പോകണം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് വളരെ പ്രയാസമുള്ളതാണ്’-ഗംഭീര്‍ പറഞ്ഞു.

‘സ്വപ്നതുല്യമായ തുടക്കമാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ യുവതാരങ്ങളുമായി പരമ്പര നേടാനായി. മനോഹരമായി ഗില്‍ ബാറ്റ് ചെയ്തു. അവനെ അവന്റേതായ ശൈലിയില്‍ വളരാന്‍ അനുവദിക്കണം. അനാവശ്യമായ സമ്മര്‍ദ്ദം നല്‍കിയും അമിത പ്രതീക്ഷവെച്ചും തളര്‍ത്തരുത്’-ഗംഭീര്‍ പറഞ്ഞു.

ഓസീസ് പേസ് നിരയില്‍ വളരെ മനോഹരമായിത്തന്നെ ഗില്‍ നേരിട്ടു. ഓപ്പണറെന്ന നിലയില്‍ രോഹിതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും അദ്ദേഹത്തിനായി.പ്രായത്തിനപ്പുറമുള്ള പ്രതിഭയും പക്വതയും ഗില്‍ കാട്ടുന്നുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമാകാനുള്ള മികവ് ഗില്ലിനുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ പൃത്ഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് ഗില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഗില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്ന് കരുതപ്പെടുന്ന താരമാണ് ഗില്‍. പൃത്ഥ്വി ഷായുടെ പകരക്കാരനായെത്തി അവസരം മുതലാക്കിയ ഗില്ലിന് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണ്.

You Might Also Like