ഷാറൂഖിന്റെ ‘ബ്ലാങ്ക് ചെക്കും’ വിലപ്പോയില്ല, ഗംഭീര്‍ കൊല്‍ക്കത്ത വിടുന്നു, ജയ് ഷായെ കണ്ടു
ഐപിഎല്‍ അവസാനിച്ചതിന് പിന്നാലെ കിരീടം ചൂടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ ഗൗതം ഗംഭീറിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവനും. കെകെആറിന്റെ കിരീട നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം ഏറ്റുവാങ്ങുന്നത് ടീമിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീറാണ്. കെകെആറിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയ ആദ്യ സീസണില്‍ത്തന്നെ ടീമിനെ കിരീട വിജയത്തിലെത്തിക്കാന്‍ ഗംഭീറിനായി.
ഇതിന് പിന്നാലെ ഗംഭീര്‍ കൊല്‍ക്കത്ത വിടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം സജീവമാണ്. ഐപിഎല്‍ സീസണിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്നാണ് ഗംഭീര്‍ പറഞ്ഞിരുന്നത്.
ഫൈനലിന് ശേഷം ഗൗതം ഗംഭീറും ബിസിസിഐ സെക്രട്ടറി ജയ് ഷായും തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്. മത്സരശേഷം 10 മിനുട്ടോളം ഇരുവരും മൈതാനത്ത് നിന്ന് സംസാരിച്ചിരുന്നു.
ഇന്ത്യയുടെ പുതിയ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഗംഭീര്‍ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ കെകെആറിന് ഗംഭീറിന്റെ സേവനം ഇനി ലഭ്യമാകില്ല. ടീമിനെ സംബന്ധിച്ചത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. ഗംഭീറിനെ പിടിച്ച് നിര്‍ത്താന്‍ ടീം ഉടമ ഷാറൂഖ ഖാന്‍ ഗംഭീറിന് ഇഷ്ടമുളള തുക എഴുതിയെടുക്കാന്‍ ബ്ലാങ്ക് ചെക്ക് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ നീക്ക്വും പാളിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടി20 ലോകകപ്പിന് ശേഷമാവും രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിയുക. വിദേശ പരിശീലകര്‍ ഉണ്ടാകില്ലെന്ന് ജയ് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഗംഭീര്‍ ഇന്ത്യയുടെ അടുത്ത പരിശീലകനാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കെകെആറുമായി വൈകാരികമായ അടുപ്പം ഗംഭീറിനുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ ഇന്ത്യന്‍ ടീമിനോട് അദ്ദേഹത്തിന് താല്‍പര്യമുണ്ട്.