യുവന്റസ് പരിശീലകസ്ഥാനം ഏറ്റെടുത്ത പിർലോക്കു മുന്നറിയിപ്പു നൽകി നാപോളി കോച്ച് ഗട്ടൂസോ

മൗറീസിയോ സാറിക്കു പകരം യുവന്റസിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ആന്ദ്രേ പിർലോക്കു മുന്നറിയിപ്പു നൽകി നാപോളി പരിശീലകൻ ഗന്നാരോ ഗട്ടൂസോ. പരിശീലകനെന്ന നിലയിൽ പരാജയപ്പെട്ടാൽ ഒരു കളിക്കാരനെന്ന നിലയിൽ പിർലോ ഉണ്ടാക്കിയെടുത്ത പേര് നഷ്ടപ്പെടുമെന്നാണ് ഗട്ടൂസോ പറയുന്നത്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗട്ടൂസോ.

“പിർലോ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. ഈ ജോലിയുടെ സ്വഭാവമതാണ്. യുവന്റസിൽ തുടങ്ങാൻ കഴിഞ്ഞത് പിർലോയുടെ ഭാഗ്യമാണ്. എന്നാൽ കളിക്കാരനെന്ന നിലയിൽ മികച്ച കരിയർ ഉണ്ടായതു കൊണ്ട് ഈ പ്രൊഫഷനിൽ തിളങ്ങാനാകില്ല. ഉറക്കം കളഞ്ഞും നിരന്തരം പഠിച്ചും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.”

“ഒരു കളിക്കാരനെന്നതും ഒരു പരിശീലകൻ എന്നതും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. പുസ്തകങ്ങളിൽ നിന്നും പഠിക്കാൻ കഴിയുന്ന കാര്യങ്ങളല്ല ഇതിലുള്ളത്. അതിൽ തന്നെ മുഴുകി നിരവധി കാര്യങ്ങൾ നമുക്കു പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം. വളരെ വ്യത്യസ്തമായ പ്രൊഫഷനും ലോകവുമാണിത്.” ഗട്ടൂസോ വ്യക്തമാക്കി.

യുവന്റസിന്റെ U23 ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ട് ഒരാഴ്ച തികയുന്നതിനു മുൻപാണ് സീനിയർ ടീം പരിശീലകനായി പിർലോ നിയമിക്കപ്പെട്ടത്. പരിശീലകനെന്ന നിലയിൽ ആദ്യത്തെ ഉദ്യമം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നിൽ ലഭിക്കുക വഴി ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ് പിർലോ ഏറ്റെടുക്കുന്നത്.

You Might Also Like