ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച സൂപ്പര്‍ താരം പാക് കോച്ചാകുന്നു, സര്‍പ്രൈസ് നീക്കം
2011ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ ഗാരി കേര്‍സ്റ്റന്‍ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യകോച്ചാകുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഗാരി കേര്‍സ്റ്റനായി ചരട് വലികള്‍ നടത്തുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിസിബി ചെയര്‍മാന്‍ റമീസ് രാജയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം കൂടിയായ ഗാരി കേര്‍സ്റ്റനെ പരിശീലകനാക്കാന്‍ രംഗത്തുളളത്. 2008 മുതല്‍ 2011 വരെയാണ് കേര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. 2011ല്‍ കേര്‍സ്റ്റണിന്റെ പരിശീലനത്തിനു കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്.
ഇക്കാലയളവില്‍ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുകയും ചെയ്തു. ലോകകപ്പ് വിജയത്തിനു പിന്നാലെ കേര്‍സ്റ്റണ്‍ സ്ഥാനമൊഴിയുകയായിരുന്നു. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനേയും കേര്‍സ്റ്റണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്.
പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ആയിരുന്നു നേരത്തെ പാക് പരിശീലകന്‍. എന്നാല്‍, ടി-20 ലോകകപ്പിന് തൊട്ട്മുമ്പ് മിസ്ബയെ പുറത്താക്കി. പകരം മുന്‍ സ്പിന്‍ ഇതിഹാസ താരം സഖ്ലൈന്‍ മുഷ്താഖ് ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഗാരി കേര്‍സ്റ്റണിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്.
അതെസമയം ലോകകപ്പില്‍ മുഷ്താറിന് കീഴില്‍ പാകിസ്ഥാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയേയും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനേയും തോല്‍പിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍.