കൂപ്പറെ സ്വന്തമാക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ബ്ലാസ്റ്റേഴ്‌സും മറ്റൊരു ഐഎസ്എല്‍ ക്ലബും പൊരിഞ്ഞ മത്സരം

മുന്‍ പ്രീമിയര്‍ ലീഗ് താരം ഗാരി കൂപ്പറെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുളള ഐഎസ്എല്‍ ക്ലബുകളുടെ മത്സരം. മൂന്ന് ഐഎസ്എല്‍ ക്ലബുകളാണ് കൂപ്പറെ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. എന്നാല്‍ നിലവില്‍ അത് ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ രണ്ടായി ചുരുങ്ങിയിട്ടുണ്ട്. കൂപ്പര്‍ ആവശ്യപ്പെടുന്ന പ്രതിഫല തുകയുടെ പകുതി പോലും ഓഫര്‍ ചെയ്യാനാകാതെ വന്നതോടെയാണ് മൂന്നാമത്തെ ടീം പിന്മാറിയത്.

ഇനി കേരള ബ്ലാസ്റ്റേഴ്‌സും മറ്റൊരു ഐഎസ്എല്‍ ക്ലബുമാണ് ഇംഗ്ലീഷ് സൂപ്പര്‍ താരത്തിനായി രംഗത്തുളളത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബെചെ ക്ലബ് വിട്ടതിന് പിന്നാലെയാണ് പകരക്കാരനായ കൂപ്പറെ കേരള ക്ലബ് പരിഗണിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് കൂപ്പര്‍.

കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്.

പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് വെനസ്‌ഡേ, നോര്‍വിച് സിറ്റി എന്നീ ക്ലബ്ബ്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കൂടാതെ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി വര്‍ഷങ്ങളോളം കൂപ്പര്‍ പന്ത് തട്ടിയിട്ടുണ്ട്.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കെല്‍റ്റികിന് വേണ്ടി കളിച്ച സമയത്താണ് അദ്ദേഹം കരിയരിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. കല്‍റ്റിക്കിനായി 130 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളും 30 അസിസ്റ്റുകളും കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. അഞ്ഞൂറിനടുത്ത് ക്ലബ് മത്സരങ്ങളില്‍ നിന്ന് ഇരുന്നൂറിലധികം ഗോളുകള്‍ തന്റെ കരിയറില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

You Might Also Like