റയലിലെ ബെയ്‌ലിന്റെ ഭാവിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഏജന്റ്!

സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ഈ സമ്മര്‍ ട്രാന്‍ഫര്‍ ജാലകത്തില്‍ സൂപ്പര്‍ താരമായ ഗാരെത് ബെയ്ല്‍ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് കാര്യങ്ങളെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബെയ്ലിന്റെ ഏജന്റായ ജോനാതന്‍ ബാര്‍നെറ്റ്.
റയലില്‍ ഇനിയും രണ്ടു വര്‍ഷത്തെ കരാറുണ്ടെന്നും ഗാരെത് ബെയ്ല്‍ റയല്‍ മാഡ്രിഡ് വിടില്ലെന്നും ലോകത്തെ മികച്ച കളിക്കാര്‍ ഒരിക്കലും ലോണില്‍ പുറത്തു പോവില്ലെന്നും ബിബിസി സ്പോര്‍ട്‌നു നല്‍കിയ അഭിമുഖത്തില്‍ ഏജന്റായ ബാര്‍നെറ്റ് അഭിപ്രായപ്പെട്ടു. ബെയ്ല്‍ മാഡ്രിഡില്‍ ജീവിക്കാനിഷ്ടപ്പെടുന്നുവെന്നും എങ്ങോട്ടും പോവുന്നില്ലെന്നും ബാര്‍നെറ്റ് കൂട്ടിച്ചേര്‍ത്തു.
‘അവന്‍ ഇപ്പോഴും റയലിലെ മറ്റുതാരങ്ങളുടെ അത്രതന്നെ മികച്ചതാരമാണ്. എല്ലാം ഇപ്പോള്‍ സിനദിന്‍ സിദാന്റെ കൈകളിലാണ്. മറ്റു ക്ലബ്ബുകള്‍ക്ക് താത്പര്യമുണ്ടെന്നുള്ളത് സത്യമാണെങ്കിലും ലോകത്തില്‍ അവനെ നിലനിര്‍ത്താന്‍ പറ്റിയ ക്ലബ്ബുകള്‍ വളരെ ചുരുക്കമാണ്. അവന്‍ ടീമിലില്ലെന്നു പറയുന്നത് തന്നെ വലിയ നഷ്ടമായിട്ടാണ് എനിക്ക് തോന്നുന്നത് എന്നിരുന്നാലും അവന്‍ ക്ലബ് വിടില്ല.’ ഏജന്റ് ബാര്‍നെറ്റ് അഭിപ്രായപ്പെട്ടു. ടീമിലിടമില്ലെങ്കിലും സിദാനുമായി താരത്തിന് ഒരു പ്രശ്‌നവുമില്ലെന്നും ബാര്‍നെറ്റ് കൂട്ടിച്ചേര്‍ത്തു.
അതെസമയം മത്സരത്തിനിടെ അവസരങ്ങള്‍ കുറയുന്നതില്‍ ക്ലബ്ബിനോടുള്ള അതൃപ്തി പരസ്യമായി ബെഞ്ചിലിരുന്ന് പ്രകടിപ്പിച്ചതിന് ബെയിലിനെതിരെ റയല്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. റയല്‍ ലാലിഗ കിരീടം നേടിയപ്പോള്‍ ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചേരാതെ കൈകെട്ടി നിന്നു തന്റെ ക്ലബ്ബിനോടുള്ള വിമുഖത ബെയ്ല്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.