ലാലിഗ സ്‌ക്വാഡില്‍ നിന്നും പുറത്ത്, ബെയ്‌ലിന് പുറത്തേക്കുളള വഴിതുറക്കുന്നു

സീസണവസാനം പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്ന അഭ്യുഹങ്ങൾക്ക് ഉറപ്പേകികൊണ്ട് ലെഗാനെസുമായുള്ള ലാലിഗമത്സരത്തിനുള്ള റയൽ മാഡ്രിഡ്‌ സ്‌ക്വാഡിൽ നിന്നും ഗാരെത് ബെയ്‌ലിനെ ഒഴിവാക്കിയിരിക്കുകയാണ് സിനദിൻ സിദാൻ. റയൽ മാഡ്രിഡുമായുള്ള അടുത്തിടെയുള്ള അസ്വാരസ്യങ്ങൾക്ക് ഗരത് ബെയ്ലിന് ആരാധക്കിടയിൽ വൻ വിമർശനങ്ങൾക്കിരയാവേണ്ടി വന്നിട്ടുണ്ട്. മത്സരങ്ങളിൽ അവസരം ലഭിക്കാത്തതിലുള്ള രോഷം താരം ബെഞ്ചിലിരുന്നുകൊണ്ട് വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിച്ചിരുന്നു.

അടുത്തിടെ നടന്ന ലാലിഗ മത്സരങ്ങൾക്കിടെ റയൽ മാഡ്രിഡ്‌ ബെഞ്ചിലിരുന്നുകൊണ്ട് മാസ്ക് കൊണ്ട് മുഖം മൂടി ഉറങ്ങുന്നത് പോലെ അഭിനയിച്ചതും അതിനെ വിമർശിച്ചപ്പോൾ ആരാധകരെയും ക്ലബിനെയും മാധ്യമങ്ങളെയും താനും വീക്ഷിക്കുന്നുണ്ടെന്ന വ്യാജേന ബൈനോക്കുലർ പിടിക്കുന്നത് ആംഗ്യം കാണിച്ചതുമെല്ലാം വൻ വിവാദമായിരുന്നു.

ഇതെല്ലാം ക്ലബ്ബിൽ അവസരങ്ങൾ കിട്ടാത്തതിലുള്ള രോഷപ്രകടനമാണെങ്കിലും ക്ലബ്ബിനെ അപമാനിക്കുന്ന രീതിയിലുള്ള തീരെ പ്രൊഫഷണലല്ലാത്ത മാര്ഗങ്ങളായിരുന്നുവെന്നു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിതർ ബെർബെറ്റോവ് ആരോപിച്ചിരുന്നു.

എന്തൊക്കെയായാലും ഈ സീസൺ അവസാനിക്കുന്നതോടെ ബെയ്‌ലിനെ ട്രാൻസ്ഫർ ജാലകത്തിൽ ഉൾകൊള്ളിക്കാനാണ് സിദാന്റെ നീക്കം. പുതിയ അറബ് ഉടമകൾ ക്ലബ്ബിനെ വാങ്ങിയതോടെ ട്രാൻസ്ഫർ വിപണിയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിലും താരത്തിനു വേണ്ടി മുൻനിരയിലേക്കെത്തിയിട്ടുണ്ട്.

ഏറെക്കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങങ്ങളുണ്ടായിരുന്നെങ്കിലും മുൻ ക്ലബ്ബായ ടോട്ടനം ഹോട്സ്പറും ഇപ്പോൾ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂണിൽ ലാലിഗ പുനരാംഭിച്ചതിനു ശേഷം ആകെ രണ്ടു മത്സരങ്ങളിലാണ് ബെയ്ലിന് കളിക്കാൻ അവസരമുണ്ടായത്. ലീഗിലെ അവസാന മത്സരത്തിൽ സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്താതിരുന്നതോടെ താരത്തിന്റെ പുറത്തേക്കുള്ള വഴി ഉറപ്പായിരിക്കുകയാണ്.

You Might Also Like