സിദാന്റെ പുറത്താവലിനു ബെയ്ൽ കാത്തിരിക്കുന്നു, അടുത്ത സീസണിൽ റയലിലേക്ക് തിരിച്ചെത്താനാവും
റയൽ മാഡ്രിഡിൽ സിനദിൻ സിദാന്റെ കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെ ടോട്ടനം ഹോട്ട്സ്പറിലേക്ക് ലോണിൽ ചേക്കേറിയ സൂപ്പർതാരമാണ് ഗാരെത് ബെയ്ൽ. ഹോസെ മൗറിഞ്ഞോയുടെ കീഴിൽ മികച്ച രീതിയിൽ കളിക്കാനും താരത്തിനു സാധിക്കുന്നുണ്ട്. എന്നാൽ ഈ സീസൺ അവസാനത്തിൽ ലോൺ കാലാവധി കഴിഞ്ഞു റയൽ മാഡ്രിഡിലേക്കു തന്നെ തിരിച്ചു പോവാനുള്ള ആഗ്രഹവും താരത്തിനുണ്ട്.
എന്നാൽ താരത്തിന്റെ തിരിച്ചു പോക്കിന് തടസമായി നിൽക്കുന്ന ഒരു കാരണമുണ്ട്. തന്നെ ക്ലബ്ബിൽ നിന്നും ഭ്രഷ്ട് കല്പിച്ച സാക്ഷാൽ സിദാൻ തന്നെ. എന്നാൽ നിലവിലെ സ്ഥിതിയനുസരിച്ച് സീസണവസാനം സിദാൻ ക്ലബ്ബ് വിടുകയോ അല്ലെങ്കിൽ റയൽ മാഡ്രിഡ് തന്നെ പുറത്താക്കുകയോ ചെയ്താൽ റയൽ മാഡ്രിഡിലേക്കു തന്നെ തിരിച്ചെത്താൻ താരത്തിനു കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
Gareth Bale 'keen on a swansong season with Real Madrid after Tottenham loan' https://t.co/IKuwiNMJNt
— Mail Sport (@MailSport) December 15, 2020
അതു കൊണ്ടു തന്നെ സിദാന്റെ ക്ലബ്ബിലെ സാഹചര്യങ്ങൾ ബെയ്ൽ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്യുന്നത്. 2022 വരെ മാഡ്രിഡിൽ കരാറുള്ള താരത്തിനു തന്റെ അവസാനവർഷം റയൽ മാഡ്രിഡിൽ തന്നെ കളിച്ചു തീർക്കാനാണ് താരത്തിന്റെ ആഗ്രഹം. എന്നാൽ അതിനു തടസ്സമായി നിൽക്കുന്നത് നിലവിലെ പരിശീലകനായ സിനദിൻ സിദാനാണ്.
എന്നാൽ പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസിന്റെ ഇഷ്ടതാരമായതിനാൽ ബെയ്ലിന് സിദാൻ പരിശീലകനായി തുടർന്നാലും റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്താനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോട്ടനത്തിൽ സൺ ഹ്യുങ് മിന്നിന്റെയും ഹാരി കെയ്നിന്റെയും പ്രകടനങ്ങൾ ബെയ്‌ലിന്റെ പ്രകടനങ്ങളെ താഴ്ത്തുന്നുണ്ടെങ്കിലും മൗറിഞ്ഞോക്ക് താരത്തെ മുഴുവൻ ശരീരികക്ഷമത കൈവരിക്കുന്നത് വരെ ബെഞ്ചിലിരുത്തേണ്ടി വരുന്ന അവസ്ഥയാണുള്ളത്. റയലിലേക്കു തിരിച്ചു വരാനുള്ള നീക്കം സിദാന്റെ റയൽ മാഡ്രിഡിലെ നിലനിൽപ്പിനെ ആശ്രയിച്ചിരിക്കും.