പ്രതീക്ഷയേകി അഗ്വേറോയുടെ തിരിച്ചുവരവ്, ആഴ്‌സണലിനെതിരെ പെപ്പിന്റെ പ്രിയതാരം കളിച്ചേക്കില്ല

വോൾവ്സിനെതിരായുള്ള മത്സരത്തിൽ പരിക്കു പറ്റി ഗബ്രിയേൽ ജീസസും പുറത്തായതോടെ മാഞ്ചസ്റ്റർ സിറ്റിയിൽ സ്‌ട്രൈക്കർമാർ ഇല്ലാതെയാണ് കളിച്ചിരുന്നത്. എന്നാൽ ബാഴ്‌സലോണയിൽ സർജറി കഴിഞ്ഞു വിശ്രമത്തിലായിരുന്ന സെർജിയോ അഗ്വേറൊ അടുത്തിടെ  പരിശീലനം ആരംഭിച്ചത് സിറ്റിക്ക് ആശ്വാസമേകിയിരുന്നു. കൂടാതെ ഇന്നു നടക്കുന്ന ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റിയിൽ ബെഞ്ചിൽ താരത്തെ കണ്ടേക്കാം.

   “അവൻ  നല്ല രീതിയിൽ പരിശീലിച്ചിരുന്നു. അത് ഞങ്ങൾക്ക് സന്തോഷമേകുന്ന കാര്യമാണ്. ഒരു സ്‌ട്രൈക്കറെ ഇപ്പോൾ ആവശ്യമുണ്ട്. സ്‌ട്രൈക്കർമാർ ഇല്ലാതെയാണ് ഞങ്ങൾ കളിച്ചിരുന്നത്. കഴിഞ്ഞ മൂന്നും നാലും ദിവസങ്ങളായി അവൻ പരിശീലനത്തിലേർപ്പെട്ടിരുന്നു. കുറേ കാലത്തിനു ശേഷം അവൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് സന്തോഷമേകുന്നുണ്ട്.” പെപ്‌ ഗാർഡിയോള പത്രസമ്മേളനത്തിൽ പറഞ്ഞു.

അഗ്വേറോയുടെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നുണ്ടെങ്കിലും സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെയുടെ കാര്യത്തിൽ നിരാശയേകുന്ന വാർത്തയാണ് പെപ്‌ ഗാർഡിയോള വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബെൽജിയൻ സൂപ്പർതാരത്തിനു പരിക്കേറ്റത് സിറ്റിക്കു തിരിച്ചടിയായിരിക്കുകയാണ്. പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും ആഴ്‌സണലിനെതിരെ താരം കളിക്കില്ലെന്നു ഗാർഡിയോള തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

“നിർഭാഗ്യവശാൽ ഡി ബ്രൂയ്നെ മത്സരത്തിനുണ്ടാവില്ല. പക്ഷെ മറ്റു തരങ്ങളെല്ലാം തിരിച്ചു വന്നിട്ടുണ്ട്. പരിക്കു ഗൗരവകരമാണെന്ന് തോന്നുന്നില്ല. എന്നാൽ അടുത്ത കുറച്ചു മത്സരങ്ങളിൽ നിന്നും അവൻ പുറത്താണ്. നമുക്ക് നോക്കാം. ” കെവിൻ ഡിബ്രൂയ്നെയുടെ പരിക്കിനെക്കുറിച്ച് ഗാർഡിയോള പറഞ്ഞു.

You Might Also Like