അവന്റെ പകയില്‍ നീറിയൊടുങ്ങുമ്പോള്‍ അവരറിയും അവന്‍ അവരുടെ രാജാവായിരുന്നു എന്ന്, ഒരേ ഒരു രാജാവ്

ശരത് കാതല്‍മന്നന്‍

കൊള്ളരുതാത്തവര്‍ തങ്ങളുടെ സ്വാര്‍ത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയിലെ ഇരു വശങ്ങളെയും ആക്രമിക്കും,, ഈ അന്ധതയുടെ താഴ്വരയില്‍ നിന്നും നീതിമാന്മാരെ കരകയറ്റുന്നവര്‍ അനുഗ്രഹീതനാകുന്നു, കാരണം അവന്‍ അവരുടെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയും ആവുന്നു,, അതിനാല്‍ തന്റെ സഹോദരങ്ങളില്‍ വിഷം കുത്തിവയ്ക്കുന്നവര്‍ ആരായാലും അവരുടെ മേല്‍ അശനിപാതം പോലെ പ്രഹരമേല്‍പിക്കും,,, എന്റെ പകയില്‍ നീറിയൊടുങ്ങുമ്പോള്‍ അവരറിയും ഞാന്‍ അവരുടെ രാജാവായിരുന്നു എന്ന്,,, ഒരേ ഒരു രാജാവ്

2000ജൂണ്‍ 3 ഇന്ത്യന്‍ ക്രിക്കറ്റ് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു ചെല്ലുമ്പോള്‍ ആ ടീമിനെ രക്ഷിക്കുവാനായി കൊല്‍ക്കത്തയുടെ രാജാവ് ഒരുങ്ങി. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് എതിര്‍ടീമുകളിലേക്ക് പടനയിക്കുന്ന ഒരു നായകനെയാണ്. മറ്റു നായകന്മാരെ പോലെ എടുത്തുപറയുവാന്‍ കിരീടംനേട്ടങ്ങള്‍ ഒന്നുമുണ്ടായിരിക്കില്ല പക്ഷെ ഒന്നുമില്ലായ്മയില്‍ നിന്നും ആരെയും തോല്പിക്കും എന്ന രീതിയിലേക്ക് ഇന്ത്യന്‍ ടീമിനെ ഗാംഗുലി എന്ന നായകന്‍ വളര്‍ത്തിയെടുക്കുക മാത്രമല്ല ഒരുപറ്റം പടയാളികളെ വാര്‍ത്തെടുക്കുകയും ചെയ്തിരുന്നു.

ടാ എന്ന് വിളിച്ചാല്‍ എന്താടാ എന്ന് തിരിച്ചു വിളിക്കുവാന്‍ ഗാംഗുലി ഇന്ത്യയെ ശീലിപ്പിച്ചെടുത്തു., നിരവധി ചരിത്രമുഹൂര്‍ത്തങ്ങളും റെക്കോര്‍ഡുകളും ത്യാഗങ്ങളും നിറഞ്ഞ സുവര്‍ണനീയമായ അഞ്ചു വര്‍ഷങ്ങള്‍… ലോക ക്രിക്കറ്റില്‍ ആരാലും ചോദ്യപ്പെടാതെ വിലസിയ ഓസ്‌ട്രേലിയ എന്ന ടീമിനെതിരെ കുറച്ചെങ്കിലും വിറപ്പിച്ചത്, തറപറ്റിച്ചത് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തന്നെ

15 തുടര്‍ വിജയങ്ങളുമായി ടെസ്റ്റ് പരമ്പറക്കിറങ്ങിയ ഓസ്‌ട്രേലിയ, മുംബൈയില്‍ ജയിച്ചുവെങ്കിലും അപാര ട്വിസ്റ്റ് ഇറക്കി കൊണ്ട് ഗാംഗുലി കളി തിരിച്ചു പിടിച്ചു. ലക്ഷ്മണ്‍ ദ്രാവിഡ് എന്നിവരുടെ ബാറ്റിങ്ങും ഹര്‍ഭജന്‍ സച്ചിന്‍ എന്നിവരുടെ ബൗളിങ്ങും കൂടിയായപ്പോള്‍ 16ടെസ്റ്റ് വിജയങ്ങളോടെ ഓസ്‌ട്രേലിയ ജൈത്രയാത്ര അവസാനിപ്പിച്ചു. തുടര്‍ന്ന് അടുത്ത ടെസ്റ്റും ഇന്ത്യ വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.

2002 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ തോല്‍വിയറിയാതെ മികച്ച പ്രകടനത്തോടെ ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു, അതുപോലെ ഒരു ലോകകപ്പില്‍ 9 വിജയങ്ങള്‍ നേടിയ ഒരേ ഒരു ഇന്ത്യന്‍ നായകന്‍ എന്ന പദവി 2003 ലോകകപ്പില്‍ നേടിയെടുത്തു. അത്യാവശ്യഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും ബോളു കൊണ്ടും തിളങ്ങി നിന്ന ഗാംഗുലി ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തില്‍ അടിയറവു പറയേണ്ടി വന്നത് ഓസ്‌ട്രേലിയ എന്ന വമ്പന്മാരോട് മാത്രമാണ. ഇവ രണ്ടും കൂടാതെ 2000 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും ഇന്ത്യയെ കൊണ്ടെത്തിക്കുവാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു. കൂടാതെ ഒരു റെക്കോര്‍ഡും. നാലു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു ഐസിസി ഫൈനലുകളില്‍ ടീമിനെ നയിച്ച ആദ്യ നായകന്‍.

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനിലേക്കു ഇന്ത്യ പറന്നുയര്‍ന്നപ്പോള്‍ ചരിത്രവിജയങ്ങളാണ് അവിടെ സംഭവിച്ചത്, ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയുമയാണ് ഇന്ത്യന്‍ സംഘം തിരിച്ചെത്തിയത്. അതിനു തൊട്ടു മുന്‍പ് ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കാതെ വന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന പദവിയും ഗാംഗുലി സ്വന്തമാക്കി.

2004 ഏഷ്യ കപ്പിലും ഗംഭീര പ്രകടനം കാഴ്ച വച്ച ഗാംഗുലിയുടെ ഇന്ത്യന്‍ ടീം ഫൈനലില്‍ കീഴടങ്ങി. ഇതില്‍ എടുത്തുപറയേണ്ടിവരുന്ന ഒന്നാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടങ്ങള്‍. ഇവിടെ വാങ്കടെയില്‍ വന്നു ഷോ കാണിച്ച ഫ്‌ലിന്റോഫ് നു മറുപടി നല്‍കിയത് അതിനേക്കാള്‍ സുന്ദരമായി തന്നെയായിരുന്നു. ഇന്ന് പലരും അതിനെ വിമര്ശിക്കുമെങ്കിലും അന്ന് ലൈവ് കണ്ടിരുന്ന ആളുകള്‍ക്ക് അതിന്നും രോമാഞ്ചമായ മുഹൂര്‍ത്തം തന്നെയാണ. പിന്നീടും നാറ്റ് വെസ്റ്റ് പരമ്പരകള്‍ ഇംഗ്ലണ്ടില്‍ നടന്നു പക്ഷെ ഈ ഒരു സംഭവത്തിനു ശേഷം ഇന്ത്യയെ അവര്‍ ക്ഷണിച്ചില്ല അതിലുണ്ട് ഗാംഗുലിയുടെ അത്തരത്തിലുള്ള പ്രകൃതം അവരെ എത്രത്തോളം ഭയപ്പെടുത്തിയിട്ടുണ്ട് എന്ന്.

അതുമാത്രമല്ല ആദ്യ ടെസ്റ്റില്‍ തോല്‍വിയോട് കൂടി തുടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ശക്തമായി തിരിച്ചു വരുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിലേക്ക് പറന്നുയര്‍ന്ന ഇന്ത്യന്‍ ടീം ഒരു പരമ്പര പോലും അടിയറവു വൈയ്ക്കാതെ തിരിച്ചു വന്ന ചരിത്രവും ഇത് തന്നെ.

സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ, ശ്രീനാഥ് ലക്ഷ്മണ്‍ എന്നീ സീനിയര്‍ താരങ്ങളെ മുന്‍ നിര്‍ത്തി,, യുവതാരങ്ങള്‍ക്കു വേണ്ടി സെലക്ടര്‍മാരോട് വാദിച്ചും വാശിപ്പിടിച്ചും ചരിത്രമാക്കി മാറ്റി. ഓസ്ട്രേലിയക്കെതിരെ കുംബ്ലെയുടെ പേര് എഴുതിച്ചേര്‍ക്കത്തെ ഈ റൂം വിട്ടു പുറത്തു പോവില്ല എന്ന ഗാംഗുലിയുടെ വാശിക്ക് മുന്‍പില്‍ അവര്‍ കീഴടങ്ങി, കുംബ്ലെ പരാജയപ്പെട്ടാല്‍ താന്‍ മുഴുവന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന ഗാംഗുലിയുടെ ധൈര്യത്തിന് കുംബ്ലെയുടെ മാന്ത്രിക വിരലുകള്‍ ഉത്തരം നല്‍കി.

അതുവരെ ഫീല്‍ഡില്‍ പുറകിലായിരുന്ന ഇന്ത്യക്കാരെ അപേക്ഷിച്ചു കൈഫ് നടത്തിയ മിന്നല്‍ പ്രകടനത്തെ ഗാംഗുലി കണ്ടിരുന്ന രീതി വേറൊന്നായിരുന്നു. കൈഫ് നേടുന്ന 30റണ്‍സും, തടഞ്ഞിടുന്ന 30റണ്‍സും ടീമിന് മുതല്‍ കൂട്ടാവുന്നത് 60റണ്‍സാണ്,, ഒരുപക്ഷെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടാലും ഫീല്‍ഡില്‍ കൈഫ് അതിനു പരിഹാരം ചെയ്തിരിക്കും എന്ന ഗാംഗുലിയുടെ വിശ്വാസം കൈഫ് കാത്തു സൂക്ഷിച്ചിരുന്നു..

ഇതുപോലൊരു നായകന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നു പറഞ്ഞ യുവിയുടെ വാക്കുകളില്‍ ഉണ്ട് ഗാംഗുലി എത്രത്തോളം പ്രിയപെട്ടവനാണെന്നു. ട്രക്ക് ഡ്രൈവറായി പോവാനൊരുങ്ങിയ ഹര്‍ഭജന്‍, അതുപോലെ സഹീര്‍, ഇര്‍ഫാന്‍ ഇവര്‍ക്കും പറയാനുണ്ടാവും യുവി പറഞ്ഞത് പോലെ ഗാംഗുലിയെ കുറിച്ച് ഒരുപാടു കാര്യങ്ങള്‍.

പക്ഷെ കൂടുതല്‍ പറയാനുണ്ടാവുക വിരേന്ദര്‍ സേവാഗിന് ആയിരിക്കും കാരണം താന്‍ മികച്ച രീതിയില്‍ കളിക്കുന്ന സ്ഥാനം ഒരു യുവതാരത്തിനു വിട്ടു നല്‍കുക, പിന്നീട് ഒരു വിശ്വാസവും കുത്തിനിറയ്ക്കുക. മൂന്നു നാല് അവസരങ്ങള്‍ തരും അതില്‍ പരാജയപ്പെട്ടാലും നിനക്ക് ടീമില്‍ സ്ഥാനമുണ്ടാവും എന്ന. പിന്നീട് ലോകക്രിക്കറ്റ് കണ്ടത് ഒരു താന്തോന്നിയുടെ അഴിഞ്ഞാട്ടമായിരുന്നു. ഇന്ത്യക്ക് ലഭിച്ചത് ഏറ്റവും അപകടകാരിയായ ഓപ്പണറേയും അതും ടെസ്റ്റ് ക്രിക്കറ്റില്‍ ആവുമ്പോള്‍ കൂടുതല്‍ മനോഹരവും
ദിനേശ് കാര്‍ത്തിക്കിന് വേണ്ടി സെലക്ടര്‍മാര്‍ വാദിച്ചപ്പോള്‍ ധോണിയുമായി ഗാംഗുലി മുന്നോട്ട് പോയി. നാലു മത്സരങ്ങളില്‍ പരാജയപ്പെട്ട ധോനിയെ വീണ്ടും തന്റെ മൂന്നാം നമ്പറിലേക്കു ഇറക്കി വിടുകയും മറ്റൊരു താരോധയം ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു.

ഇന്ന് ബിസിസിഐ യുടെ തലപ്പത്തു ഗാംഗുലിയുണ്ട. അതിലും അദ്ദേഹം ചരിത്രം കൊയ്യും ഉറപ്പ്….!

കപ്പുകള്‍ കൊണ്ട് ജയിച്ചവനല്ല ഗാംഗുലി. ഇതുപോലെ ചില ചരിത്രങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇന്ത്യക്കും കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുത്തവനാണ് ഗാംഗുലി. എന്നും ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഒരു വല്യേട്ടനായി ഗാംഗുലി ഉണ്ടാവും…. ഒരേ ഒരു രാജാവ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like