ടീം ഇന്ത്യയില്‍ ആ കുറവ് പരിഹരിക്കണം, സര്‍പ്രൈസ് താരത്തെ തിരിച്ചുവിളിക്കാനൊരുങ്ങി ഗംഭീര്‍
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ തിരിച്ചുവരവ് സൂചനകള്‍ നല്‍കി ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. കപില്‍ ദേവിന് ശേഷം ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഒരാളെ കണ്ടെത്തേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന് മുന്നോടിയായി ചെന്നൈയിലെ ചെപ്പോക്കില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഗംഭീര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം ആശ്രയിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ഏത് സ്പിന്‍ യൂണിറ്റിനെതിരെയും മികച്ച പ്രകടനം നടത്താന്‍ കഴിയും. സ്വന്തം സ്റ്റേഡിയങ്ങളില്‍ ഇന്ത്യ സ്പിന്നില്‍ ആധിപത്യം പുലര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ക്കും ഗംഭീര്‍ മറുപടി നല്‍കി. ഇന്ത്യന്‍ മണ്ണില്‍ സ്പിന്നിനെ കളിക്കാന്‍ എതിരാളികള്‍ അറിഞ്ഞിരിക്കണം. ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് രണ്ട് ദിവസത്തില്‍ അവസാനിച്ചു. ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചിലാണ് ഇത്തരത്തിലൊരു കാര്യം സംഭവിച്ചതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
്അതെസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യ ടെസ്റ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ഹാര്‍ദ്ദിക്കിനെ ടീം ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്ന അഭ്യുഹങ്ങളും ശക്തമാണ്.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരത്തിനായി ചില യുവതാരങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നും ഗംഭീര്‍ വ്്യക്തമാക്കി. ഇന്ത്യന്‍ ടീമിന് അനുയോജ്യമായ 11 താരങ്ങളെയാവും കളത്തിലിറക്കുക. ധ്രുവ് ജുറേല്‍ മികച്ച താരമാണ്. പക്ഷേ റിഷഭ് പന്തിനെ ഒഴിവാക്കാന്‍ കഴിയില്ല. ഇതേ അവസ്ഥയാണ് സര്‍ഫറാസ് ഖാനുമുള്ളതെന്ന് ഗംഭീര്‍ പറഞ്ഞു.