സമനില തെറ്റിയപ്പോള്‍ തലയെറിഞ്ഞ് പൊട്ടിക്കാനാണ് അയാള്‍ അട്ടഹസിച്ചത്, ഇത്ര നാണംകെട്ടിട്ടില്ല ഓസീസ്

ശ്രീജിത്ത് വള്ളിക്കുന്ന്

അയാള്‍ കംഫര്‍ട്ടബിള്‍ ആയി കളിച്ച് തുടങ്ങിയിരിക്കുന്നു. ഷോര്‍ട്ട് ബോളുകളെറിഞ്ഞോ… ഹെല്‍മറ്റ് എറിഞ്ഞ് പൊളിക്കണം. ഫോക്‌സ് ക്രിക്കറ്റിന്റെ കമന്ററി ബോക്‌സിലിരുന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഷെയ്ന്‍ വോണ്‍ ഓസീസ് ബോളര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണ്. ചേതേശ്വര്‍ പൂജാര അത്രമാത്രം ഓസ്‌ട്രേലിയയുടെ സമനില തെറ്റിച്ചിരുന്നു. രണ്ട് തവണ ഹെല്‍മറ്റിന് പന്ത് കൊണ്ടിട്ടും ആറ് തവണ ശരീരത്തില്‍ പന്ത് കൊണ്ടിട്ടും ചത്താലും വീഴില്ലെടാ എന്ന ഉശിരോയെടാണ് പൂജാര ക്രീസില്‍ നിന്നത്…

വംശീയ അധിക്ഷേപത്തിന്റെ കാര്യത്തില്‍ ഒന്നാമന്‍മാരാണ് ഓസ്‌ട്രേലിയക്കാര്‍. മുഹമ്മദ് സിറാജിനെ കുരങ്ങനെന്നാണ് അവര്‍ വിളിച്ചത്. ആ സിറാജാണ് അഞ്ച് വിക്കറ്റെടുത്ത് അവരുടെ മുഖത്തടിച്ചത്. ഉപ്പ മരിച്ചിട്ട് വീട്ടുകാരെ കാണാന്‍ പോലും അയാള്‍ നാട്ടിലേക്ക് വന്നിരുന്നില്ല. പിതാവിന്റെ സന്തോഷം താന്‍ കളിച്ച് ജയിക്കുന്നതാണെന്നാണ് ആ ഹൈദരാബാദുകാരന്‍ പറഞ്ഞത്.


കഴിഞ്ഞ സീരീസിലാണ് റിഷഭ് പന്തിനെ ടിം പെയ്ന്‍ കുട്ടിയെ നോക്കാന്‍ ക്ഷണിച്ചത്. അതൊക്കെ ചെയ്യുന്നതല്ലേ നല്ലത്. ക്രിക്കറ്റ് കളിക്കാനൊക്കെ ആയോയെന്ന്… ഏത്… ആ റിഷഭ് പന്താണ് സിഡ്‌നിയില്‍ ഇന്ത്യയെ സമനിലയിലെത്തിച്ചത്. ഗബ്ബയില്‍ ചരിത്രം കുറിച്ച വിജയം ഉറപ്പിച്ചത്. സ്റ്റാര്‍ക്കിനെയും കമ്മിന്‍സിനെയും അടിച്ച് കണ്ടം കടത്തിയത്.

കോലി പോയാല്‍ ഇന്ത്യ തീര്‍ന്നെന്നാണ് പോണ്ടിങും മാര്‍ക് വോയുമൊക്കെ പറഞ്ഞത്. കോലിക്ക് പകരം ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെ സുന്ദരമായ സെഞ്ച്വറിയിലൂടെ മെല്‍ബണില്‍ ഇന്ത്യയെ ജയിപ്പിക്കുന്നത് കണ്ടു.പുള്ളി മുന്നിലങ്ങനെ പൊളിയായി നിന്നതേയുള്ളൂ പിന്നെ.

ഗബ്ബയിലേക്ക് വാ… നിങ്ങളെ ശരിയാക്കി തരാമെന്നാണ് ക്യാപ്റ്റന്‍ പെയ്ന്‍ അശ്വിനോട് പറഞ്ഞത്. ഇന്ത്യയിലോട്ട് വന്നോ നിന്റെ അവസാന പരമ്പര അവിടെയായിരിക്കുമെന്നാണ് തമിഴ്‌നാട്ടുകാരന്‍ ചുട്ടമറുപടി കൊടുത്തത്. ഗബ്ബയില്‍ അശ്വിന്‍ ഇല്ലാതെ പോയത് നന്നായി. കളി തീരുമ്പോള്‍ പെയ്ന്‍ കണ്ടം വഴി ഓടേണ്ടി വന്നേനെ…

എന്തൊരു സുന്ദരമായ ക്രിക്കറ്റാണ്… എന്തൊരു ഗെയിമാണ്…

എങ്ങനെ മധുരമായി, സൗമ്യമായി പ്രതികാരം ചെയ്യാമെന്നാണ് ഈ ടീം പഠിപ്പിച്ചു തരുന്നത്…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like