മത്സരത്തിനിടെ ഇബ്രാഹിമോവിച്ചിനെ പിൻവലിച്ചു, പരിശീലകന് ഭ്രാന്തെന്നു ആംഗ്യം കാണിച്ചു ഇബ്രാഹിമോവിച്ച്

വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ അപ്രതീഷിത തോൽവി രുചിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ. ഫ്രഞ്ച് ക്ലബ്ബായ ലില്ലെക്കെതിരെയാണ് ഈ സീസണിലെ തന്നെ ആദ്യതോൽവി മിലാനു നേരിടേണ്ടി വന്നത്. ലില്ലെ താരമായ യൂസഫ് യാസിച്ചിയുടെ ഹാട്രിക്കാണ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എസി മിലാനെതിരെ വിജയം നേടിക്കൊടുത്തത്.

യൂറോപ്പ ലീഗിൽ ആദ്യതോൽവി രുചിച്ചെങ്കിലും മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം സോഷ്യൽ മീഡിയയിൽ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. മിലാൻ പരിശീലകനായ സ്‌റ്റെഫാനോ പയോളിയുടെ തീരുമാനത്തിനെതിരെ സൂപ്പർതാരം ഇബ്രാഹിമോവിച്ച് കാണിച്ച ബഹുമാനമില്ലായ്മയെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരാനുള്ള പ്രധാനകാരണം.

ലില്ലെ മൂന്നാം ഗോളും നേടിയതോടെ മത്സരത്തിന്റെ 62-ാം മിനുട്ടിൽ ഇബ്രാഹിമോവിച്ചിനെ പരിശീലകൻ സ്‌റ്റെഫാനോ പയോളി പിൻവലിക്കുകയായിരുന്നു. പുറത്തേക്കു നടന്നു പരിശീലകനെ മറികടന്നു ഡഗൗട്ടിലേക്ക് കയറുന്നതിനു മുൻപ് ഇബ്രാഹിമോവിച്ച് പരിശീലകന് വട്ടാണെന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു.

ഈ സംഭവമാണ് സോഷ്യൽ മീഡിയയയിൽ വിമര്ശനത്തിനിടയാക്കിയത്. ഇബ്രാഹിമോവിച്ച്‌ എസി മിലാനിലെത്തിയ ശേഷം ലീഗിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇതു വരെയും അപരാജിത മുന്നേറ്റമാണ് നടത്തുന്നത്. എന്നാൽ യൂറോപ്പയിൽ ലില്ലേക്കെതിരെ അപ്രതീക്ഷിത തോൽവി രുചിക്കേണ്ടി വരുകയായിരുന്നു.

You Might Also Like