സീറോയില്‍ നിന്ന് ഹീറോയിലേക്ക്, അവന്‍ സൂപ്പര്‍ താരമായ യക്ഷിക്കഥ
ധനേഷ് ദാമോദരന്‍
ടീമില്‍ നിന്നും പുറത്തായെങ്കിലും പതറാതെ കൂടുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. റണ്ണുകള്‍ വാരിക്കൂട്ടിയതോടെ താരത്തെ അവഗണിക്കാനായില്ല. 21 മാസത്തിനു ശേഷം വീണ്ടും ദേശീയ ടീമില്‍.വളരെ പ്രതീക്ഷയോടെ ഇറങ്ങിയ അദ്ദേഹത്തില്‍ നിന്നും എല്ലാവരും നല്ലൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ചു .
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. ആദ്യ ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെ വീണ്ടും പുറത്ത്. രണ്ടാമിന്നിങ്‌സില്‍ സ്ഥിതി കുറെക്കൂടി മെച്ചപ്പെട്ടു.1 റണ്‍ നേടാനായ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അംപയര്‍ സ്റ്റീവന്‍ ലഞ്ചിന്റെ പിഴവ് കാരണമാണ് ആ 1 റണ്ണെങ്കിലും കിട്ടിയത് .ലെഗ് ബൈ നല്‍കേണ്ടതിന് പകരം റണ്‍ ബാറ്റ്‌സ്മാന് നല്‍കി. ഇല്ലെങ്കില്‍ 2 ഇന്നിങ്‌സിലും പൂജ്യമായേനെ.2 ടെസ്റ്റ് കഴിഞ്ഞപ്പോള്‍ 4 ഇന്നിങ്‌സുകളിലായി ആകെ നേടിയത് വെറും 1 റണ്‍.
ടീമില്‍ നിന്നും വീണ്ടും പുറത്തേക്ക്. തളരാതെ പിടിച്ചു നിന്നു.പ്രതീക്ഷ കൈവിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ 11 മാസത്തിനു ശേഷം വീണ്ടും ദേശീയ ടീമിലെത്തിച്ചു. എന്നാല്‍ ഭയപ്പെട്ടതു തന്നെ വീണ്ടും സംഭവിച്ചു.ആദ്യ ഇന്നിങ്‌സിലും #പൂജ്യം. രണ്ടാമിനിങ്‌സിലും #പൂജ്യം .3 ടെസ്റ്റ് കഴിഞ്ഞപ്പോള്‍ #6ഇന്നിങ്‌സില്‍ നിന്നും നേടാന്‍ പറ്റിയത് 1 റണ്‍!
മറ്റാരായാലും ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട് നിരാശയോടെ എന്നെന്നേക്കുമായി ക്രിക്കറ്റ് നിര്‍ത്തിയേനെ. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി വീണ്ടും ഒന്നില്‍ നിന്നുതുടങ്ങി. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചതോടെ ,ഇദ്ദേഹത്തിന്റെ പ്രതിഭയില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ഒരു അവസാന അവസരം എന്ന നിലയില്‍ ഒരിക്കല്‍ കൂടി ടീമിലേക്ക് തിരികെ വിളിച്ചു. അതും 3 വര്‍ഷത്തിനു ശേഷം.
തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ 22, 25 എന്നീ സ്‌കോറുകള്‍ നേടി ‘പൂജ്യം’ എന്ന ശാപം ഒഴിവാക്കാനായി. ആദ്യ 11 ഇന്നിങ്‌സുകള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും മികച്ച സ്‌കോര്‍ 29 മാത്രം.എന്നാല്‍ ദാരുണമായ അരങ്ങേറ്റത്തിനു ശേഷം 7 വര്‍ഷം കഴിഞ്ഞ് തന്റെ 10മാത്തെ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 108 റണ്‍ നേടി ആദ്യ സെഞ്ച്വറി ആലോഷിച്ച മര്‍വന്‍സാംസണ്‍അട്ടപ്പട്ടു എന്ന ക്ലാസ് ബാറ്റ്‌സ്മാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ലങ്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറി ദേശീയ ടീമിന്റെ നായകന്‍ ആയ അട്ടപ്പട്ടു വിന്റെ കഥ ഒരു യക്ഷിക്കഥ പോലെ സംഭവ ബഹുലമായിരുന്നു .
തന്റെ ടെസ്റ്റ് കരിയറില്‍ 4 തവണ 2 ഇന്നിങ്‌സിലും 0 ന് പുറത്തായതടക്കം ആകെ 22 തവണ 0 ന് പുറത്തായ അട്ടപ്പട്ടുവിനെ തുടക്കകാലത്ത് ‘പൂജ്യങ്ങളുടെകളിത്തോഴന്‍’ എന്ന് പരിഹസിച്ചവരെ പിന്നീട് ‘ഇരട്ടസെഞ്ചുറികളുടെതോഴന്‍ ‘ എന്ന് പറയിപ്പിച്ചതില്‍ മനസിലാക്കാം അട്ടപ്പട്ടു വിന്റെ കഠിനാധ്വാനം. വിരമിക്കുമ്പോള്‍ ഇരട്ട സെഞ്ചുറികളുടെ എണ്ണത്തില്‍ മര്‍വന് മുന്നില്‍ ബ്രാഡ്മാന്‍, ലാറ, വാലി ഹാമണ്ട് എന്നീ ബാറ്റിങ് ഇതിഹാസങ്ങള്‍ മാത്രമായിരുന്നു.
ഇനിയൊരിക്കലും ടെസ്റ്റ് കളിക്കില്ലെന്നും അന്താരാഷ്ട ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ കൊഴിഞ്ഞ പ്രതിഭ എന്നും പരക്കെ പറയപ്പെട്ട അട്ടപ്പട്ടു പിന്നിട് കളിച്ചത് 90 ടെസ്റ്റുകള്‍. നേടിയത് 5000 ലേറെ റണ്ണുകള്‍.6 ഇരട്ട സെഞ്ചുറികള്‍ അടക്കം 16 സെഞ്ചുറികള്‍, 17 അര്‍ധ സെഞ്ചുറികള്‍.2004 ല്‍ സിംബാബ്വെക്കെതിരെ കുമാര്‍ സംഗക്കാര യോടൊപ്പം 438 റണ്‍സിന്റെ മാരത്തോണ്‍ കൂട്ടുകെട്ട് ഉണ്ടാക്കിയ മത്സരത്തില്‍ നേടിയ 249 റണ്‍സാണ് അട്ടപ്പട്ടുവിന്റെ മികച്ച സ്‌കോര്‍.
എതിരെ കളിച്ച എല്ലാ ടെസ്റ്റ് ടീമുകള്‍ക്കെതിരെയും സെഞ്ചുറി നേടിയ അപൂര്‍വ നേട്ടവും മര്‍വനുണ്ട്.2003 ല്‍ ശ്രീലങ്കന്‍ ക്യാപ്റ്റനായ അട്ടപ്പട്ടു നായകനെന നിലയിലും നല്ല പ്രകടനമാണ് കാഴ്ച വെച്ചത് .
ഏകദിനത്തില്‍ കൂടുതലും ജയസൂര്യക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത അട്ടപ്പട്ടു മനോഹരമായ ഒരു പാട് ഇന്നിങ്ങ്‌സുകള്‍ കാഴ്ച വെച്ചിരുന്നു. ആദ്യ ഏകദിനത്തില്‍ 9 മനായി ഇറങ്ങിയ അട്ടപ്പട്ടു കരിയര്‍ അവസാനിക്കുമ്പോള്‍ നേടിയത് 11 സെഞ്ചുറിയും 59 അര്‍ധശതകവും അടക്കം 8529 റണ്‍സ്.2003 ലോകകപ്പില്‍ ദ.ആഫ്രിക്കയുടെ കരുത്തന്‍ ബൗളിങ് നിരക്കെതിരെ നേടിയ സെഞ്ചുറി പ്രകടനം മാത്രം മതി അദ്ദേഹത്തിന്റെ ക്ലാസ് അറിയാന്‍.മികച്ച ഒരു ഫീല്‍ഡര്‍ കൂടിയായ അട്ടപ്പട്ടു 1996 ലെ ലോകകപ്പ് നേടിയ ലങ്കന്‍ ടീമില്‍ അംഗവുമായിരുന്നു.
അക്കാലത്ത് അട്ടപ്പട്ടു ബാറ്റ് ചെയ്യുന്ന അവസരത്തില്‍ ക്യാച്ച് മിസ്സ് ആകുമ്പോള്‍, എല്‍ബിഡബ്യുവില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ‘ #അട്ടപ്പട്ടുകഷ്ടപ്പെട്ടുരക്ഷപ്പെട്ടു’എന്ന് ഹാസ്യാത്മകമായി പറയാറുണ്ടെങ്കിലും സത്യത്തില്‍ അട്ടപ്പട്ടു ഒരു പാട് കഷ്ടപ്പെട്ട് തന്നെയാണ് തന്റെ കരിയറില്‍ രക്ഷപ്പെട്ടത് .
2007 ലെ ഓസ്‌ത്രേലിയന്‍ പര്യടത്തില്‍ ആദ്യം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും പിന്നീട് കായികമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ടീമില്‍ ഉള്‍പ്പെട്ട് ആദ്യ ടെസ്റ്റില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച അട്ടപ്പട്ടു സെലക്ടര്‍മാരെ വിഡ്ഢികളെന്നും കോമാളികളെന്നും പരിഹസിച്ച് വിവാദമുണ്ടാക്കുകയും പ്രതിഷേധ സൂചകമായി ആ പരമ്പരയിലെ അവസാന ടെസ്റ്റിലെ അവസാന ദിനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.കടുത്ത പുറം വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നു..
വിരമിച്ച ശേഷം കോച്ചിംഗ് മേഖലയിലേക്ക് തിരിഞ്ഞ അട്ടപ്പട്ടു കാനഡ, സിംഗപ്പൂര്‍, നേപ്പാള്‍ എന്നി രാജ്യങ്ങളില്‍ തന്റെ സേവനങ്ങള്‍ നല്‍കിയതോടൊപ്പം ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് കോച്ച് ആയും സേവനമനുഷ്ഠിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ രണ്ടാമത്തെ റണ്‍ നേടുവാന്‍ 6 വര്‍ഷം എടുത്ത ഒരു കളിക്കാരന്‍ പിന്നീട് രാജ്യത്തിന്റെ നെടും തൂണ്‍ ആയി കളിച്ചത് തുടര്‍ച്ചയായി 11 വര്‍ഷത്തോളം. ഇന്നും പല പ്രചോദന ക്ലാസുകളിലും അട്ടപ്പട്ടുവിന്റെ പേര് ലോകമെമ്പാടും ഉയര്‍ന്നു കേള്‍ക്കുന്നു.
അടുത്ത തവണ നിങ്ങള്‍ തോല്‍വിയെ നേരിടുമ്പോള്‍ ,ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മര്‍വന്‍ അട്ടപ്പട്ടുവിനെ ഓര്‍ക്കുക. നിങ്ങള്‍ വിട്ടു പോകാന്‍ തയ്യാറല്ലെങ്കില്‍ ,സ്വന്തം കഴിവില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടെങ്കില്‍ ,ഉറച്ചു നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ ദിവസം വരും. നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു നായകനാകാം – അട്ടപ്പട്ടുവിനെ പോലെ
……………………. ……………..
NeverGiveup_Never_NeverGiveup
…………………………………….
ഇന്ന് അട്ടപ്പട്ടുവിന്റെ ജന്‍മദിനമാണ്
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്