അരങ്ങേറ്റ ടി20യില്‍ 76, രണ്ടാം മത്സരത്തില്‍ സെഞ്ച്വറി, ലോകക്രിക്കറ്റില്‍ ഇതാ ഇതിഹാപ്പിറവി

Image 3
CricketCricket News

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ഫ്രഞ്ച് കൗമാരക്കാരന്‍ ഗുസ്താവ് മക്കോവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡാണ് ക്രിക്കറ്റ് ഒട്ടും പരിചയമില്ലാത്ത ഫ്രാന്‍സില്‍ നിന്നുളള കൗമാര താരം സ്വന്തമാക്കിയത്.

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് മക്കോവിന്റെ മിന്നും പ്രകടനം. ടി20 ലോകകപ്പിനായുള്ള യൂറോപ്പ് യോഗ്യതാ പോരാട്ടത്തിലാണ് താരത്തിന്റെ വെടിക്കെട്ട്.

18 വയസും 280 ദിവസവും പ്രായമുള്ളപ്പോഴാണ് മക്കോവ് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്. 61 പന്തില്‍ ഒന്‍പത് സിക്സും അഞ്ച് ഫോറും സഹിതം 109 റണ്‍സാണ് താരം അടിച്ചെടുത്തത്. കരിയറിലെ തന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര പോരാട്ടത്തിലാണ് ഗുസ്താവിന്റെ നേട്ടം.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് മക്കോവ് വരവറിയിച്ചത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ താരം 54 പന്തില്‍ അടിച്ചെടുത്തത് 76 റണ്‍സ്. പിന്നാലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും നേടി.

ഗുസ്താവ് മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും മത്സരത്തില്‍ ഫ്രാന്‍സ് തോറ്റു. ടീമിലെ മറ്റൊരു താരവും ഗുസ്താവിനെ പിന്തുണയ്ക്കാത്തതാണ് കാരണം. ഫ്രാന്‍സ് 20 ഓവറില്‍ 157 റണ്‍സ് ആണ് നേടിയത്. അതില്‍ 109 റണ്‍സും ഗുസ്താവിന്റെ വകയായിരുന്നു.