തോൽവിയിലും ദശാംപിന് ഫ്രഞ്ച് ആരാധകരുടെ പൂർണ പിന്തുണ; ലോകം കണ്ടുപഠിക്കണം ആരാധകപിന്തുണ എന്തെന്ന്.

യൂറോകപ്പ് പ്രീ ക്വർട്ടറിൽ ലോകചാമ്പ്യന്മാരും, ടൂർണമെന്റ് ഫേവറൈറ്റുകളുമായ ഫ്രാൻസ് തോറ്റു പുറത്തായത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപിന്റെ തെറ്റായ നയങ്ങൾ മൂലമാണ് ടീം പുറത്തായത് എന്നവിധത്തിൽ വിമർശനങ്ങളുമുണ്ടായി.
എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും തന്നെ ഫ്രഞ്ച് ആരാധകരെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സിനദിൻ സിദാനെ പരിശീലകനാക്കാനുള്ള ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന്റെ നീക്കത്തോട് അനുകൂലമായിട്ടല്ല ഭൂരിഭാഗം ഫ്രഞ്ച് ആരാധകരുടെയും പ്രതികരണം.
റയൽമാഡ്രിഡ് പരിശീലകനായി കഴിവുതെളിയിച്ച ഇതിഹാസ താരം സിദാനെ ഫ്രഞ്ച് പരിശീലകനാക്കാനുള്ള നീക്കം യഥാർത്ഥത്തിൽ യൂറോകപ്പിന് മുൻപായി തന്നെ തുടങ്ങിയതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നാണ് ഭൂരിഭാഗം ഫ്രഞ്ച് ആരാധകരും അഭിപ്രായപ്പെട്ടത്. ലെ പാരീസിയൻ അടക്കമുള്ള ഫ്രഞ്ച് പത്രങ്ങൾ നടത്തിയ ഓൺലൈൻ സർവേയിൽ എൺപത് ശതമാനത്തോളം ആരാധകരും ദശാംപിൻറെ തുടർച്ചയാണ് ആവശ്യപ്പെട്ടത്.
ഫ്രാൻസിന്റെ തോൽവിക്ക് കാരണക്കാരായി ഗ്ലാമർ താരം എംബാപ്പെയുടെയും, ദശാംപിന്റെയും പേരുകളാണ് ഉയർന്നു കേട്ടത്. എന്നാൽ ഇത്തരം വിവാദങ്ങളിലൊന്നും താല്പര്യമില്ലെന്നും, ദശാംപിൽ പൂർണ്ണവിശ്വാസമുണ്ടെന്നുമാണ് ഫ്രഞ്ച് ആരാധകർ ഒന്നടങ്കം പറയുന്നത്.
2022 ലോകകപ്പ് വരെയാണ് ഫ്രാൻസ് ദശാംപിന് കരാർ നൽകിയിരിക്കുന്നത്. ഇതുവരെ 117 മത്സരങ്ങളിൽ ഫ്രഞ്ച് ടീമിനെ ഒരുക്കിയതിൽ 76 മത്സരങ്ങളിൽ വിജയവും 22 മത്സരങ്ങളിൽ സമനിലയും നേടാൻ ദശാംപിനായി. ലോകകപ്പടക്കം ഉയർത്തിയ ഇക്കാലയളവിൽ 19 മത്സരങ്ങളിൽ മാത്രമാണ് ഫ്രാൻസ് തോറ്റത്.