പിഎസ്ജിയുടെ ഫൈനല്‍ ദുരന്തം, പടക്കം പൊട്ടിച്ചാഘോഷിച്ച് ഫ്രഞ്ച് ക്ലബ്ബ്

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ  കിങ്‌സ്‌ലി കോമാന്റെ ഏക ഗോളിൽ ബയേൺ പിഎസ്‌ജിയെ തകർത്ത് കിരീടം നേടിയിരിക്കുകയാണ്. മികച്ച പ്രകടനം പിഎസ്ജി പുറത്തെടുത്തെങ്കിലും ഗോൾ നേടാനാവാതെ പോയത് തിരിച്ചടിയാവുകയായിരുന്നു. എന്നാൽ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി ആഘോഷമാക്കിയിരിക്കുകയാണ് ഫ്രഞ്ച് ചിരവൈരികളായ മാഴ്സെയുടെ ആരാധകർ.

പടക്കം പൊട്ടിച്ചും കരിമരുന്നു പ്രയോഗം നടത്തിയുമാണ് പിഎസ്ജിയുടെ തോൽവി മാഴ്സെയുടെ ആരാധകർ കൊണ്ടാടിയത്. പിഎസ്ജി വിരുദ്ധമുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം ആരാധകരാണ് പിഎസ്ജിയുടെ തോൽവി കൊണ്ടാടിയത്. ഫ്രഞ്ച് ലീഗിലെ പിഎസ്‌ജിയുടെ ഏറ്റവും വലിയ ചിരവൈരികളിൽ ഒന്നാണ് മാഴ്സെ.

ഇതിനു മുൻപും മാഴ്സെ ആരാധകരുടെ പിഎസ്ജി വൈരാഗ്യം വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. സെമി ഫൈനലിൽ ലൈപ്സിഗിനെ പിഎസ്ജി മറികടന്നതോടെ ഒട്ടേറെ അക്രമസംഭവങ്ങൾ മാഴ്സെ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. പിഎസ്ജി ജേഴ്സി ധരിച്ച ഒരു ആരാധകനെ മാഴ്സെ ആരാധകർ ആക്രമിക്കുകയും തുടർന്ന് പോലീസിന്റെ പിടിയിലാവുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

ഈ സംഭവത്തിനു ശേഷം മാഴ്സെ നഗരത്തിൽ പിഎസ്ജിയുടെ ജേഴ്‌സിയോ അല്ലെങ്കിൽ പിഎസ്ജിയുടെ കളറിലുള്ള ഏതു വസ്തുവും ധരിക്കുന്നത് പോലീസ് അധികൃതർ നിരോധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തുകയും തുടർന്ന് നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു. ഫൈനൽ തോൽവിക്കു ശേഷം ഫ്രാൻസിന്റെ പല ഭാഗത്തും പിഎസ്‌ജി ആരാധകരുടെ വകയും ആക്രമണസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.