സിദാനെയും റൊണാൾഡോയേയും സ്വന്തമാക്കും, പിഎസ്ജിയുടെ ആധിപത്യം തകർക്കാൻ ഫ്രഞ്ച് ക്ലബ്

Image 3
FeaturedFootball

അടുത്ത സീസണു മുന്നോടിയായി ഫ്രഞ്ച് ക്ലബായ ഒളിംപിക് മാഴ്സയെ ഏറ്റെടുക്കാൻ ഒരുങ്ങുന്ന ഫ്രഞ്ച്-ടുണീഷ്യൻ ബിസിനസുകാരനായ മൊഹമ്മദ് അയാച്ചി അറൂദിയുടെ മനസിലുള്ളത് വമ്പൻ പദ്ധതികൾ. നിലവിലെ അമേരിക്കൻ ഉടമകളിൽ നിന്നും മാഴ്സയെ ഏറ്റെടുത്തതിനു ശേഷം സിദാൻ, റൊണാൾഡോ എന്നിവരെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“നിലവിലെ മാഴ്സൈ പരിശീലകൻ വളരെ മികച്ചതാണ്. എന്നാൽ സ്വന്തം രാജ്യത്തു നിന്നു തന്നെയുള്ള സിദാനെ പോലെയൊരു പരിശീലകൻ ടീമിലെത്തിയാൽ എങ്ങിനെയിരിക്കും. അതു നമുക്കു കാത്തിരുന്നു കാണാം.” അറൂദി പറഞ്ഞു.

“ബാഴ്സയുടെ ഫുട്ബോളും ജർമനിയുടെ അച്ചടക്കവും എനിക്കിഷ്ടമാണ്. അതു പോലെ ഞാൻ ഒരിക്കലും മറക്കാത്ത താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. അദ്ദേഹത്തെ മാഴ്സയിലെത്തിക്കുകയെന്ന സ്വപ്നം എന്നെ ആവേശത്തിലാഴ്ത്തുന്നുണ്ട്. ജീവിതത്തിൽ നടക്കാത്തതായി ഒന്നുമില്ല.” അദ്ദേഹം വ്യക്തമാക്കി.

ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്താണെങ്കിലും പിഎസ്ജിയുമായി വലിയ പോയിന്റ് വ്യത്യാസമാണ് മാഴ്സക്കുള്ളത്. പുതിയ ഉടമകളുടെ പദ്ധതികൾ അനുസരിച്ച് വമ്പൻ താരങ്ങൾ തന്നെ ടീമിലേക്കു വരാൻ സാധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാൽ ലീഗിൽ പിഎസ്ജിയുടെ ഒറ്റയാൾ പോരാട്ടത്തിനാവും അന്ത്യമാവുക.