ഫൈനൽ, പിഎസ്ജിയുടെ ജേഴ്‌സി നിരോധിച്ച് ഫ്രഞ്ച് നഗരം!, കാരണമിതാണ്

Image 3
Champions LeagueFeaturedFootball

ഫ്രഞ്ച് നഗരമായ മാഴ്‌സെയിൽ പിഎസ്ജിയുടെ ജേഴ്സി അണിയുന്നത് താൽക്കാലിമായി നിരോധിച്ചിരിക്കുകയാണ്. മാഴ്‌സെയിലെ പോലീസ് അധികൃതരാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നു ബിബിസി റിപ്പോർട്ട്‌ ചെയ്തു. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി-ബയേൺ ഫൈനൽ നടക്കുന്നതിന് മുന്നോടിയായാണു ഇത്തരമൊരു തീരുമാനം.

നഗരത്തിലെ ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഉത്തരവ്. ഫ്രഞ്ച് ലീഗിലെ ചിരവൈരികളാണ് പിഎസ്ജിയും മാഴ്‌സെയും. ചാമ്പ്യൻസ് ലീഗിന്റെ പിഎസ്ജിയുടെ സെമി ഫൈനലിനു ശേഷം നിരവധി അക്രമസംഭവങ്ങൾ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതൊഴിവാക്കാൻ വേണ്ടിയാണ് സുരക്ഷാഅധികൃതർ ഇത്തരമൊരു മുൻകരുതൽ എടുത്തിരിക്കുന്നത്.

പിഎസ്ജിയുടെ ലൈപ്സിഗുമായുള്ള മത്സരശേഷം മാഴ്‌സെയിൽ ഇരുവിഭാഗക്കാരും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. അതിനെത്തുടർന്ന് ഒരാൾ പിഎസ്ജി ജേഴ്സി ധരിച്ച ഒരു വ്യക്തിയെ ആക്രമിക്കുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു.

മാത്രമല്ല നൂറ് കണക്കിന് മാഴ്‌സെ ആരാധകർ പിഎസ്ജിക്കെതിരെ മുദ്രവാക്യം വിളിക്കുകയും കരിമരുന്നു പ്രയോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. മത്സരഫലം എന്തായാലും ഫൈനലിന് ശേഷം അനിഷ്ടസംഭവങ്ങൾ അരങ്ങേറാൻ സാധ്യത കണക്കിലെടുത്താണ് പോലീസ് ഇങ്ങനെ ചെയ്തത്. പിഎസ്ജിയുടെ നിറങ്ങളിലുള്ള ഒന്നും തന്നെ ധരിക്കരുത് എന്നാണ് പോലീസിന്റെ ഉത്തരവ്.