ബാഴ്സയിൽ സന്തുഷ്ടനല്ല, ഗ്രീസ്‌മാൻ വിഷയത്തിൽ കൂമാനെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് പരിശീലകൻ
ബാഴ്‌സയിലേക്ക് വൻ പ്രതീക്ഷകളുമായി കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നുമെത്തിയ സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. എന്നാൽ ആദ്യ സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ താരത്തിനു സാധിച്ചിരുന്നില്ല. ഈ സീസണിലും കാര്യങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല.
അത്ലറ്റിക്കോ മാഡ്രിഡിലെ താരത്തിന്റെ മിന്നും പ്രകടനം ബാഴ്സയിൽ ഇതുവരെയും പുറത്തെടുക്കാൻ ഗ്രീസ്മാനു കഴിഞ്ഞിട്ടില്ല. 2020-21 സീസണിൽ പുതിയ പരിശീലകനായ കൂമാന്റെ കീഴിലും താരത്തിനു ഇതുവരെ തിളങ്ങാനായിട്ടില്ല. നിലവിൽ ഫ്രാൻസിന്റെ മത്സരങ്ങൾക്കയുള്ള തയ്യാറെടുപ്പിലാണ് ഗ്രീസ്‌മാൻ. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഫ്രഞ്ച് നാഷണൽ ടീം പരിശീലകനായ ദിദിയർ ദെഷാംപ്സ്.
“എനിക്ക് ബോധ്യമായിടത്തോളം ബാഴ്സയിലെ സാഹചര്യങ്ങളിൽ അവൻ സന്തുഷ്ടനല്ലെന്നു തന്നെയാണ്. പരസ്യമായി അവനെന്തെങ്കിലും പറയുകയാണെങ്കിൽ കൂമാനു അത് കേൾക്കാൻ ഒരിക്കലുമിഷ്ടപ്പെടില്ലെന്നുറപ്പാണ്. എനിക്ക് ക്ലബ്ബുകളിലെന്താണ് സംഭവിക്കുന്നതെന്ന് പറയാൻ ആഗ്രഹമില്ല. എന്നാലും ഗ്രീസ്‌മാൻ വലതുവിങ്ങിലാണ് കളിക്കാറുള്ളത്. എന്തുകൊണ്ടാണ് അവനിൽ കേന്ദ്രികരികൃതമായുള്ള റോളിൽ ബാഴ്സയിൽ കളിക്കാത്തതെന്നു മനസ്സിലാവുന്നില്ല.” ദെഷാംപ്സ് ഗ്രീസ്മാനെക്കുറിച്ച് പറഞ്ഞു.
വിയ്യാറയലിനെതിരെ ഗോൾ നേടാനുള്ള മികച്ച അവസരം നഷ്ടമാക്കിയതിനു കൂമാൻ ഗ്രീസ്മാനെ വിമര്ശിച്ചിരുന്നു. മത്സരത്തിൽ ബാഴ്സക്ക് വിയ്യാറയലുമായി 1-1 നു സമനിലയിൽ പിരിയേണ്ടി വന്നിരുന്നു. എന്നാൽ കൂമാൻ ഗ്രീസ്‌മാന് ബാഴ്സയിൽ കൊടുക്കുന്ന റോളിൽ ഫ്രഞ്ച് പരിശീലകന് വലിയ എതിർപ്പാണുള്ളത്.