മെഗാ ലേലത്തിന് മുമ്പ് ഐപിഎല്‍ ടീമുകള്‍ക്ക് ആശ്വാസം, പല ടീമുകള്‍ക്കും ജീവശ്വാസം

Image 3
CricketIPL

ഐപിഎല്‍ മെഗാലേലത്തിന് മുമ്പ് നിലനിര്‍ത്താനുളള താരങ്ങളുടെ എണ്ണം പരിഷ്‌ക്കരിച്ചു. നേരത്തെയുളള അറിയിപ്പില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് താരങ്ങളെന്നത് നാലായാണ് ബിസിസിഐ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ഐപിഎള്‍ ടീമുകളെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നല്‍കുന്നത്.

മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെ നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.

ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങളെ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കുന്നതോടെ ഇവരെ ഉപയോഗപ്പെടുത്തി പുതിയ ടീമുകള്‍ക്ക് ടീമുകളെ കെട്ടിപ്പടുക്കാനാകും.

നിലവില്‍ ഐപിഎല്‍ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോവിഡാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കാന്‍ കാരണം. സെപ്റ്റംമ്പറോടെ യുഎഇയിലാകും ഐപിഎല്ലിലെ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ നടക്കുക. ഇതിനായുളള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ്. അതിന് ശേഷമാകും ഐപിഎള്‍ 15ാം സീസണിനായുളള മെഗാ ലേലം നടക്കുക.