മരണഗ്രൂപ്പിലെ മരണക്കളി; കണക്കുകൾ ഫ്രാൻസിനൊപ്പം
മരണഗ്രൂപ്പിലെ മരണപോരാട്ടത്തിനായി ഫ്രാൻസും പോർച്ചുഗലും ഇന്ന് കളത്തിലറങ്ങുമ്പോൾ 2016 യൂറോ ഫൈനലിന്റെ തനിയാവർത്തനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ കാര്യങ്ങൾ ഇപ്പോഴും അപ്രവചനീയമായി തുടരുന്ന ഗ്രൂപ്പ് എഫിൽ കഴിഞ്ഞ കാല റെക്കോർഡ് പോർച്ചുഗലിന് ആശാവഹമല്ല.
ലോകചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കണക്കുകൾ ഫ്രാൻസിനൊപ്പമാണ്. അവസാനമായി ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ പതിനൊന്നിലും ജയം ഫ്രഞ്ച് പടക്ക് ആയിരുന്നു. എന്നാൽ പോർച്ചുഗൽ വിജയിച്ച ഒരേയൊരു മത്സരം കഴിഞ്ഞ യൂറോ കപ്പ് ഫൈനലും.
വലിയ ടൂർണമെന്റുകളിൽ നാലുതവണ മാത്രമാണ് പോർച്ചുഗലും ഫ്രാൻസും കൊമ്പു കോർത്തത്. ഇതിൽ മൂന്നിലും ജയം ഫ്രാൻസ് നേടി. അവിടെയും 2016 യൂറോ ഫൈനൽ വേറിട്ടുനിൽക്കുന്നു. കൂടാതെ, പോർച്ചുഗലിന്റെ പ്രതീക്ഷകകൾ മുഴുവൻ ചുമലിലേറ്റി പുഷ്കാസ് അരീനയിൽ ബൂട്ട് കെട്ടുന്ന സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ഫ്രാൻസിനോട് ഒരു കണക്ക് ബാക്കിയുണ്ട്.
ഫ്രാൻസിനെതിരെ ഇതുവരെ ഗോളുകൾ നേടാൻ റൊണാൾഡോയ്ക്ക് ആയിട്ടില്ല. സമാനമായ ആക്ഷേപം ജർമനിക്കെതിരെ കഴിഞ്ഞദിവസം മായ്ച്ചുകളഞ്ഞ റൊണാൾഡോയ്ക്കും ഇത് അഭിമാന പോരാട്ടമാണ്.
നിലവിൽ ലോകകപ്പ്, യൂറോ കപ്പ് എന്നിവയിൽ സംയുക്തമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം(19) എന്ന റെക്കോർഡിൽ ജർമ്മനിയുടെ മിറോസ്‌ലാവ് ക്ളോസെക്ക് ഒപ്പമാണ് റൊണാൾഡോ. ഫ്രാൻസിനെതിരെ ഗോൾ നേടി രാജകീയമായി തന്നെ ഈ റെക്കോർഡ് സ്വന്തം പേരിലാക്കാനായിരിക്കും റൊണാൾഡോയുടെ ശ്രമം.
മത്സരത്തിൽ വമ്പൻ പരാജയം ഒഴിവാക്കിയാൽ പോലും പോർച്ചുഗലിന് പ്രീക്വർട്ടറിലേക്ക് മുന്നേറാനാവും. എന്നാൽ രണ്ടോ അതിലധികമോ ഗോളുകൾക്ക് തോറ്റാൽ അത് പോർച്ചുഗലിന് പുറത്തേക്കുള്ള വഴിതുറന്നേക്കാം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറാനാവും ഇരുടീമുകളും മത്സരത്തിൽ ശ്രമിക്കുക.