ബാലൺ ഡിയോർ പുരസ്‌കാരം ഉപേക്ഷിക്കുന്നു! 64 വര്‍ഷത്തിന് ശേഷം ഇതാദ്യം

Image 3
Football

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകപ്പെടുന്ന ബഹുമതിയാണ് ബാലൺ ഡിയോർ. എന്നാൽ ഈ വർഷം ആ പുരസ്‌കാരം നൽകപ്പെടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച ഫുട്ബോൾ പിന്നീട് തുടങ്ങിയെങ്കിലും അസാധാരണമായ ഈ അവസ്ഥയിൽ ഫുട്ബോൾ ലോകം നിലകൊള്ളുമ്പോൾ ബാലൺ ഡിയോർ നൽകേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.

1956-ന് ശേഷം ഇതാദ്യമാണ് ബാലൺ ഡിയോർ നൽകാതെയിരിക്കുന്നത്. ഫുട്ബോൾ കുറച്ചു കാലം നിർത്തിവെച്ചത്, അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളുടെ അഭാവത്തിൽ മത്സരങ്ങൾ നടത്തിയത്, ചില ലീഗുകൾ ഉപേക്ഷിച്ചത്, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മുതൽ മിനി ടൂർണമെന്റ് മോഡൽ ആക്കിയത്, എന്നിവയൊക്കെയാണ് ഇതിന് പ്രധാനകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

ഏതായാലും ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ടിരുന്ന ലെവന്റോവ്സ്ക്കി, ലയണൽ മെസി, ഡിബ്രൂയ്‌നെ എന്നീ താരങ്ങളെ സംബന്ധിച്ചെടുത്തോളം ഈ നീക്കം തിരിച്ചടിയായിരിക്കുകയാണ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കൂടി കണക്കിലെടുത്തു  റൊണാൾഡോ, ഇമ്മൊബിലെ, ബെൻസിമ തുടങ്ങിയ താരങ്ങൾ ഒക്കെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടെണ്ട താരങ്ങളായിരുന്നു.

നിലവിൽ ആറു ബാലൺ ഡിയോർ നേടിയ മെസിയാണ് ഏറ്റവും കൂടുതൽ തവണ നേടിയ താരം. അഞ്ചു ബാലൺ ഡിയോറുമായി തൊട്ടുപിറകിലുള്ള ക്രിസ്ത്യാനോ റൊണാൾഡോക്ക് മെസിക്കൊപ്പമെത്താനുള്ള അവസരമാണ് നഷ്ടമാകുന്നത്. ഇതോടെ ബാലൺ ഡിയോർ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ മത്സരം കാണാൻ ഇപ്രാവശ്യം ആരാധകർക്ക് അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.