ക്രിസ്ത്യാനോ നിറം മങ്ങി, പോർച്ചുഗലിനെ തകർത്ത് ഫ്രാൻസ്‌ നേഷൻസ് ലീഗ് സെമി ഫൈനലിൽ

ഫ്രാൻസുമായി നടന്ന യുവേഫ നേഷൻസ് ലീഗ് നിർണായക മത്സരത്തിൽ പോർച്ചുഗലിനു എതിരില്ലാത്ത ഒരു ഗോളിനു തോൽവി രുചിക്കേണ്ടി വന്നിരിക്കുകയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രാൻസ് മധ്യനിരതാരം എൻഗോളൊ കാന്റെ നേടിയ ഏക ഗോളിലാണ് ഫ്രാൻസ് വിജയം കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഫ്രാൻസ് പോർച്ചുഗലിനെ മറികടന്നു നേഷൻസ് ലീഗ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.

സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ പോർച്ചുഗൽ ആദ്യമായാണ് ഒരു കോംപെറ്റിറ്റിവ് മത്സരത്തിൽ തോൽക്കുന്നത്. ഗ്രൂപ്പ്‌ 3യിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു വിജയവും ഒരു സമനിലയുമായി അപരാജിതരായി മുന്നേറിയാണ് ഫ്രാൻസ് സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ ഫ്രാൻസിന് 13 പോയിന്റോടെ ഫ്രാൻസ്‌ ഒന്നാം സ്ഥാനവും ഇന്നത്തെ തോൽവിയോടെ 10 പോയിന്റുമാണ് പോർചുഗലിനു ലഭിച്ചത്.

നാലു ഗ്രൂപ്പിലെയും ചാമ്പ്യന്മാരാണ് നേഷൻസ് ലീഗ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ നിറം മങ്ങിയ മത്സരത്തിൽ സമനില നേടാൻ നിരവധി അവസരങ്ങൾ പോർച്ചുഗലിനു ലഭിച്ചെങ്കിലും ഗോൾ നേടാനാവാതെ പോവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ആന്റണി മാർഷ്യലിന്റെ ഒരു ഷോട്ടിലൂടെയാണ് ഫ്രാൻസ് ആക്രമണം ആരംഭിക്കുന്നത്. എന്നാൽ റൂയി പാട്രിഷിയോയുടെ കിടിലൻ സേവുകളിൽ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഫ്രാൻസ് 52-ാം മിനുട്ടിലാണ് ഗോൾ നേടുന്നത്. അഡ്രിയൻ റാബിയോട്ടിന്റെ ഇടതു വിങ്ങിൽ നിന്ന് തൊടുത്ത മികച്ചൊരു ഷോട്ട് പാട്രിഷിയോ തടുത്തിട്ടെങ്കിലും സമയോചിതമായി മുന്നേറിവന്ന എൻഗോളൊ കാന്റെ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ഗോൾ വീണ ശേഷം ഉണർന്നു കളിച്ച പോർച്ചുഗൽ ഫ്രാൻസ് ഗോൾ മുഖത്ത് നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾ അകന്നു പോവുകയായിരുന്നു. പ്രതിരോധതാരം ഫോണ്ടിന്റെ ഒരു ഹെയ്ഡർ ശ്രമം പോസ്റ്റിൽ തട്ടിയകാലുകയും ക്രിസ്ത്യാനോയുടെ ക്ലോസ് റേഞ്ച് ഹെഡർ ക്രോസ്സ്ബാറിനു തൊട്ടുമുകളിലൂടെ കടന്നു പോവുകയായിരുന്നു. പിന്നീട് ജാവോ മോട്ടിഞ്ഞോയുടെ ഒരു ലോങ്ങ്‌ റേഞ്ചർ ശ്രമം ഫ്രാൻസ് ഗോൾകീപ്പർ ഹ്യുഗോ ലോറിസിന്റെ തകർപ്പൻ സേവിൽ അകന്നു പോവുകയായിരുന്നു. ഫിൻലാൻഡുമായി മോശം പ്രകടനം കാഴ്ചവെച്ച പോഗ്ബയുടെ മികച്ച തിരിച്ചു വരവാണ് ഈ മത്സരത്തിൽ കാണാനായത്. സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ അഭാവത്തിലും ആക്രമിച്ചു കളിച്ച ഫ്രാൻസ് അർഹിച്ച ഫലം നേടുകയായിരുന്നു.

You Might Also Like