പ്രീ ക്വാർട്ടറിലേക്ക് അടുത്ത് വമ്പന്മാർ; സമനില ഫ്രാൻസിനെയും നെതർലണ്ടിനെയും തുണച്ചതിങ്ങനെ

Image 3
Euro 2020Football

വെള്ളിയാഴ്ച ഫ്രാൻസും നെതർലാൻഡ്‌സും തമ്മിൽ നടന്ന യൂറോ 2024 ഗ്രൂപ്പ് ഡി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മൂക്കിനേറ്റ പരിക്കുമൂലം സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും ഫ്രഞ്ച് താരം ഇംഗാലോ കാന്റെയാണ് പ്ലയെർ ഓഫ് ദി മാച്ച്.

സമനിലയോടെ ഇരു ടീമുകളും പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി ഇരു ടീമുകൾക്കും നാല് പോയിന്റുകൾ വീതമാണ് ഉള്ളത്. ഒരു ജയം മാത്രമുള്ള ഓസ്ട്രിയക്ക് മൂന്ന് പോയിന്റും, പോളണ്ടിന് പോയിന്റ് ഒന്നുമില്ലാതെയുമാണ് ഗ്രൂപ്പ് നില. ഇതോടെ അടുത്ത മത്സരത്തിൽ പോളണ്ടിനോട് തോൽക്കാതെയിരുന്നാൽ ഫ്രാൻസിന് പ്രീക്വാർട്ടർ ഉറപ്പിക്കാം. ഓസ്ട്രിയയോട് തോൽക്കാതിരുന്നാൽ നെതർലാൻഡിനും പ്രീക്വാർട്ടർ ബർത്ത് നേടാം.

ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ എംബാപ്പെയെ ഫ്രാൻസിന്റെ പരിശീലകൻ ദിദിയെർ ദെഷാംപ്‌സ് കളത്തിലിറക്കിയില്ല. താരം മാസ്‌ക് ധരിച്ചു പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആദ്യഇലവനിൽ കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
“തീർച്ചയായും കിലിയൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, അതിനാൽ അത്തരമൊരു കളിക്കാരൻ കളത്തിൽ ഇല്ലാത്തത് ഞങ്ങൾക്ക് നഷ്ടമാണ്. എന്നാൽ മറ്റ് കളിക്കാർ നന്നായി പ്രകടനം നടത്തി,” ഫ്രാൻസ് മിഡ്‌ഫീൽഡർ ഔറേലിയൻ ച്വാമേനി മത്സരശേഷം പറഞ്ഞു. “അവൻ എത്രയും വേഗം തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

രണ്ടാം പകുതിയിൽ ഡച്ച് മിഡ്‌ഫീൽഡർ സാവി സിമൺസിന്റെ ഗോൾ ഓഫ്‌സൈഡ് മൂലം നിഷേധിക്കപ്പെട്ടത് ഓറഞ്ച് പടക്ക് തിരിച്ചടിയായി. കളിതീരാൻ 20 മിനിറ്റ് ശേഷിക്കെ സിമൺസ് നെതർലാൻഡിനെ മുന്നിലെത്തിച്ചുവെന്ന് കരുതിയതാണ്. ദീർഘനേരം നീണ്ട VAR പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിക്കപ്പെട്ടു. എംബാപ്പെയുടെ അഭാവത്തിൽ ഫ്രഞ്ച് ടീമിനെ നയിച്ച അന്റോയിൻ ഗ്രീസ്‌മാൻ രണ്ട് പ്രധാന അവസരങ്ങൾ നഷ്‌ടപ്പെടുത്തി.

ഓസ്ട്രിയയോട് 3-1 ന് തോറ്റതിനും, തുടർന്ന് ഫ്രാൻസും നെതർലാൻഡ്‌സും തമ്മിലുള്ള സമനിലയ്ക്കും ശേഷം യൂറോ 2024 ൽ നിന്ന് പുറത്തായ ആദ്യ ടീമായി പോളണ്ട് മാറി. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ട് ഫ്രാൻസിനെ നേരിടും.