ഫ്രാന്റെ കണ്ണീരില്‍ കത്തി മോഹന്‍ ബഗാന്‍. കനത്ത പ്രതിഷേധം

മോഹന്‍ ബഗാന്‍ തന്നോട് ചെയ്ത നന്ദികേട് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ മുന്‍ താരം ഫ്രാന്‍ ഗോണ്‍സാലസിന്റെ കണ്ണുനീരില്‍ പ്രതിഷേധം കത്തുന്നു. നിരവധി മോഹന്‍ ബഗാന്‍ ആരാധകരാണ് ഫ്രാനോട് മോഹന്‍ ബഗാന്‍ ചെയ്യുന്ന നന്ദികേട് ചൂണ്ടികാട്ടി സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

മറ്റ് ക്ലബുകള്‍ ഇതിഹാസങ്ങളോട് ചെയ്യുന്നതെങ്ങനെയെന്നും മോഹന്‍ ബഗാന്‍ ഇതിഹാസ താരങ്ങളോട് ചെയ്യുന്നത് എങ്ങനെയെന്നും വിലയിരുത്തി ചൂടുളള ചര്‍ച്ചകളാണ് വിവിധ ഫാന്‍ ഗ്രൂപ്പുകളില്‍ നടക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയ പേജുകളും ഫ്രാനോട് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ ബഗാനില്‍ നിന്ന് തനിക്ക് നേരിടുന്ന ദുരനുഭവങ്ങള്‍ഫ്രാന്‍ ഗോണ്‍സാലസ് വെളിപ്പെടുത്തിയത്. മോഹന്‍ ബഗാന്‍ തന്നെ പരിഗണിക്കാത്തതാണ് ഫ്രാനെ സങ്കടപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വികാരഭരിതമായ കുറിപ്പെഴുതിയാണ ഫ്രാന്‍ ഇതിനോട് പ്രതിഷേധിച്ചത്.

ഫ്രാന്‍ ഗോണ്‍സാലസുമായി ഒരു വര്‍ഷം കൂടി കരാറുളള ക്ലബാണ് മോഹന്‍ ബഗാന്‍. എന്നാല്‍ ഐലീഗ് ഉപേക്ഷിച്ച് ഐഎസ്എല്ലില്‍ എടികെയുമായി ലയിച്ചതോടെ മോഹന്‍ ബഗാന്‍ ഫ്രാനുമായുളള കരാര്‍ തന്നെ റദ്ദാക്കിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും താരത്തിന് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.

മോഹന്‍ ബഗാന്‍ ആരാധകരെ അഭിസംബോധന ചെയ്ത് എഴുതിയ പോസ്റ്റില്‍ പുതിയ സീസണിനായി പരിശീലനം തുടങ്ങുന്നതിനെ കുറിച്ച് ഒരു വര്‍ഷത്തെ കൂടി കരാറുളള തനിക്ക് ഒരു അറിയിപ്പും മോഹന്‍ ബഗാനില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ഫ്രാന്‍ പറയുന്നത്. തന്റെ വക്കീല്‍ ഇതിനെ കുറിച്ച് അയച്ച മെസേജിനും യാതൊരു പ്രതികരണവും ക്ലബ് അധികൃതര്‍ നല്‍കിയില്ലെന്നും ഫ്രാന്‍ സങ്കടപ്പെടുന്നു.

കഴിഞ്ഞ സീസണില്‍ താന്‍ അവര്‍ക്ക് വേണ്ടി ചെയ്തത് എന്താണെന്ന് ഇത്ര പെട്ടെന്ന് ക്ലബ് മറന്ന് കളഞ്ഞതില്‍ ദുഖമുണ്ടെന്ന് പറയുന്ന ഫ്രാന്‍ മോഹന്‍ ബഗാന്‍ ആരാധകരും തന്നെ മറന്നോ എന്ന് തുറന്ന് ചോദിക്കുന്നു. വൈകാതെ നേരില്‍ കാണാം എന്ന പ്രതീക്ഷ പങ്കുവെച്ചാണ് ഫ്രാന്‍ കുറിച്ച് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ഐലീഗ് സീസണില്‍ മോഹന്‍ ബഗാനെ കിരീട വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഫ്രാന്‍ ഗോണ്‍സാലസ്. നിലവില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂനയുടെ പ്രിയ ശിഷ്യനായ ഫ്രാന്‍ നേരത്തെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും എന്ന് റൂമറുകള്‍ ഉണ്ടായിരുന്നു.

You Might Also Like