രണ്ട് താരങ്ങളെ പുറത്താക്കും, രക്ഷകരായി അവര്‍ വരുന്നു, മരണമുഖത്ത് രക്ഷതേടി ഇന്ത്യ

ടി20 പരമ്പര നഷ്ടപ്പെടാതിരിക്കാനുളള ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നത് നിര്‍ണ്ണായകമായ രണ്ട് മാറ്റങ്ങളുമായി. തുടരെ മൂന്ന് ടി20യിലും പരാജയപ്പെട്ട കെ എല്‍ രാഹുലിനെയും യുസ് വേന്ദ്ര ചഹലിനേയും മാറ്റിനിര്‍ത്തിയാകും ഇന്ത്യ നാലാം ടി20 കളിക്കാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലിറങ്ങുക.
കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് തിരികെ എത്തിയേക്കും. രണ്ടാം മത്സരം കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത.
തന്റെ രണ്ടാമത്തെ മത്സരത്തില്‍ ഇഷന്‍ കിഷന്‍ പരാജയപ്പെട്ടെങ്കിലും പ്ലേയിങ് ഇലവനില്‍ താരം തുടരും. കിഷനെ മാറ്റിനിര്‍ത്താന്‍ മാനേജുമെന്റ് ധൈര്യപ്പെടുകയില്ല. സൂര്യകുമാര്‍ യാദവിനെ മൂന്നാം ടി20യില്‍ കളിപ്പിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
ബൗളിങ്ങിലേക്ക് എത്തുമ്പോള്‍ ചഹലിന് പകരം അക്സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഷിങ്ടണ്‍ സുന്ദറും, ശര്‍ദുല്‍ താക്കൂറും പ്ലേയിങ് ഇലവനില്‍ തുടരും. നിലവില്‍ പരമ്പര 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്.