ഇല്ല ചത്തിട്ടില്ല, ആര്‍സിബി പ്ലേ ഓഫില്‍ കയാറുളള സാധ്യത സജീവം
ഐപിഎല്‍ പോയന്റ് പട്ടികയില്‍ നിലവില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി മാറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂുരു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചതോടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പോയന്റ് പട്ടികയില്‍ അവസാനത്തേയ്ക്ക് വീണത്.
എല്ലാ ടീമുകളും നാല് മുതല്‍ ആറ് വരെ മത്സരങ്ങള്‍ ഇതിനകം കളിച്ചപ്പോള്‍ ഒരു കളി മാത്രം ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായി മാറുകയായിരുന്നു. കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളിലും ബംഗളൂരു തോറ്റു. സീസണില്‍ പഞ്ചാബ് കിംഗ്സിന് എതിരെ മാത്രമാണ് ആര്‍സിബിയ്ക്ക് വിജയിക്കാനായത്.
ഈ ഐപിഎല്‍ സീസണ്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഒട്ടും ആശ്വാസകരമല്ല. ആദ്യ ഹോം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് നാല് വിക്കറ്റിന് ജയിച്ചത് മാത്രമാണ് ഇതുവരെയുള്ള നേട്ടം. ഇതിന് ശേഷം തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ആര്‍സിബി പരാജയപ്പെട്ടു.
എന്നാല്‍ വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങുമ്പോഴും ആര്‍സിബി നിലവില്‍ പ്ലേ ഓഫ് സാധ്യതയില്‍ നിന്ന് പുറത്തായിട്ടില്ല. എന്നാല്‍ ബാലികേറാമല പോലെയൊരു ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളത്. ടീമിന് അവശേഷിക്കുന്ന എട്ട് കളികളില്‍ ഏഴിലും ജയിക്കാനായാലാണ് പ്ലേ ഓഫ് കളിക്കാനാകുക. കൂടാതെ മറ്റ് ടീമുകളുടെ പ്രകടനം അടക്കമുള്ള കാര്യങ്ങള്‍ ബെംഗളൂരുവിന് അനുകൂലമായി വരികയും വേണം.
2009ലും 2011ലും സമാനമായി സീസണിന്റെ തുടക്കത്തില്‍ ആര്‍സിബി നാല് തുടര്‍ തോല്‍വികളുമായി പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ആ രണ്ട് സീസണിലും ഫൈനലിലെത്തി ടീം അമ്പരപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.