ബിഗ് ബാഷ് കളിയ്ക്കാന്‍ നാല് ഇന്ത്യന്‍ താരങ്ങള്‍, അത്ഭുത താരത്തെ പരിഗണിച്ചില്ല

വരുന്ന സീസണിലെ വനിതാ ബിഗ് ബാഷ് ലീഗില്‍ നാല് ഇന്ത്യന്‍ വനിത താരങ്ങള്‍ കളിക്കും. ഓപ്പണര്‍മാരായ സ്മൃതി മന്ദന, ഷഫാലി വര്‍മ്മ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ, ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് ബൗളര്‍ രാധ യാദവ് എന്നിവരാണ് ബിഗ് ബാഷ് ടീമുകളിലേക്ക് ഇടം നേടിയ താരങ്ങള്‍.

ഷഫാലി, മന്ദന, ദീപ്തി എന്നിവര്‍ അടുത്തിടെ ‘ദി ഹണ്ട്രഡ്’ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. മന്ദന ഒഴികെ മറ്റ് മൂന്ന് താരങ്ങളും ഇത് ആദ്യമായാണ് ബിഗ് ബാഷില്‍ കളിക്കുക. മന്ദന മുന്‍പ് രണ്ട് സീസണുകളില്‍ ബിഗ് ബാഷ് കളിച്ചിട്ടുണ്ട്.

ദീപ്തി ശര്‍മ്മ, സ്മൃതി മന്ദന എന്നിവരെ സിഡ്‌നി തണ്ടര്‍ ആണ് ടീമിലെത്തിച്ചത്. ഹണ്ട്രഡില്‍ നിന്ന് പിന്മാറീയ ഇംഗ്ലീഷ് താരങ്ങളായ ഹെതര്‍ നൈറ്റ്, തമി ബ്യൂമൊണ്ട് എന്നിവര്‍ക്ക് പകരക്കാരായാണ് ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പാഡണിയുക. നേരത്തെ, ബ്രിസ്‌ബേന്‍ ഹീറ്റ്, ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് എന്നീ ടീമുകള്‍ക്കാണ് മുന്‍പ് സ്മൃതി കളിച്ചിട്ടുള്ളത്.

ദീപ്തി ബിബിഎലില്‍ കളിച്ചിട്ടില്ലെങ്കിലും ദി ഹണ്ട്രഡില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു തുണയായത്.

ഷഫാലി, രാധ എന്നിവര്‍ സിഡ്‌നി സിക്‌സേഴ്‌സില്‍ കളിക്കും. ദി ഹണ്ട്രഡില്‍ ബിര്‍മിംഗ്ഹാം ഫീനിക്‌സിനായി കളിച്ച താരം ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. രാധ യാദവ് മുന്‍പ് ഒരു വിദേശ ലീഗിലും കളിച്ചിട്ടില്ല.

അതേസമയം, ദി ഹണ്ട്രഡില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തിയ ജമീമ റോഡ്രിഗസിനെ ബിബിഎലില്‍ ഇതുവരെ ഒരു ടീം പോകും പരിഗണിച്ചില്ലെന്നത് അത്ഭുതമാണ്.

You Might Also Like