നാലു വമ്പൻ താരങ്ങൾ ലിസ്റ്റിൽ, കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങളാരംഭിച്ചു

Image 3
ISL

അടുത്ത സീസണിലേക്കായി പുതിയൊരു ടീമിനെ വാർത്തെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാല് വമ്പൻ താരങ്ങളെ ലക്‌ഷ്യം വെച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകൾ. ജൂൺ മാസം പിറന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും കരാർ അവസാനിച്ച നിരവധി താരങ്ങൾ വിട പറഞ്ഞിരുന്നു. അതിൽ മൂന്നു താരങ്ങൾ വിദേശികളാണ് എന്നതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

മൈക്കൽ സ്റ്റാറെ പരിശീലകനായതിനു ശേഷം അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്ന പ്രധാന പേരുകളിൽ ഒന്നായ സ്വീഡിഷ് മധ്യനിര താരം മാഗ്നസ് എറിക്‌സൺ, കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച അർജന്റീന-ഇറ്റാലിയൻ താരമായ ക്രിസ്റ്റ്യൻ ബാറ്റാഷിയോ, ഓസ്‌ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റിയുടെ താരങ്ങളായിരുന്ന ജെമീ മക്‌ലാറൻ, മെറിൻ ജാക്കോലിസ് എന്നിവരാണ് ക്ലബിന്റെ റഡാറിലുള്ളത്.

ഈ നാല് താരങ്ങളിൽ രണ്ടു പേർ മധ്യനിരയിലും രണ്ടു പേർ ആക്രമണനിരയിലും കളിക്കുന്നവരാണ്. നിലവിൽ ടീമിലുള്ള ലൂണ, നോഹ എന്നിവർ മാത്രമേ അടുത്ത സീസണിൽ തുടരുമെന്നതിൽ ഉറപ്പുള്ളൂ. അതിനാൽ തന്നെ പ്രതിരോധം, മധ്യനിര എന്നിവയിലേക്ക് താരങ്ങളെ എത്തിക്കേണ്ടതുള്ളതിനാൽ ഈ നാല് താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള സാധ്യതയില്ല.

ഡ്രിൻസിച്ച് തുടരുകയാണെങ്കിൽ ഒരു ഡിഫൻഡർ, ഒരു മിഡ്‌ഫീൽഡർ, ഒരു ഫോർവേഡ് എന്നിങ്ങനെയാകും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന താരങ്ങൾ. പരിശീലകനായ മൈക്കൽ സ്റ്റാറെ തനിക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കൃത്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ ലിസ്റ്റിലുള്ള ഏതൊരു താരം വന്നാലും അത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.