ടീം ഇന്ത്യ തിരിഞ്ഞ് നോക്കുന്നില്ല, അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ അടക്കം രാജ്യം വിടാന്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി യുവ താരങ്ങള്‍ ഇന്ത്യ വിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പകരം അമേരിക്കന്‍ ദേശീയ ടീമില്‍ കയറി പറ്റാനാണത്രെ ഇവരുടെ നീക്കം. മുന്‍ പാകിസ്താന്‍ ഓപ്പണറും നിലവില്‍ അമേരിക്കന്‍ ടീമംഗവുമായ സമി അസ്ലമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ നേരത്തേ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ ഉന്‍മുക്ത് ചാന്ദുള്‍പ്പെടെയുള്ളവരാണ് അമേരിക്കയ്ക്കായി കളിക്കാന്‍ നീക്കം നടത്തുന്നത്. അടുത്തിടെ 30-40 വിദേശ ക്രിക്കറ്റര്‍മാരാണ് സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കയിലെത്തിയിരിക്കുന്നത്. ചില മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍മാരും ഇക്കൂട്ടത്തിലുണ്ട്. ഉന്‍മുക്ത് ചാന്ദിനെ കൂടാതെ സമിത് പട്ടേല്‍, ഹര്‍മീത് സിങ് എന്നീ ഇന്ത്യന്‍ താരങ്ങളാണ് അവസരത്തിനായി അമേരിക്കയിലേക്ക് ചേക്കേറിയിരിക്കുന്നതെന്ന് ഒരു പാക് മാധ്യമത്തോടു അസ്ലം വെളിപ്പെടുത്തി.

ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരുപാട് പേര്‍ ഇവിടേക്കു വന്നിരുന്നു. സ്വന്തം രാജ്യത്തു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒത്തിരി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ് ഇവര്‍. ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്സന്‍ ഇവിടെയുണ്ട്. അമേരിക്കയിലെ ക്രിക്കറ്റ് സംവിധാനം വളരെ മികച്ചതും കെട്ടുറപ്പുള്ളതുമാണ്. അമേരിക്കയിലെ ക്രിക്കറ്റ് മെച്ചപ്പെടുത്താനും മുന്നോട്ട് നയിക്കാനും യുഎസ്എ ക്രിക്കറ്റ് വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ഉയര്‍ന്ന നിലവാരത്തിലെത്താന്‍ അവര്‍ക്കു സമയം വേണ്ടി വരും. പക്ഷെ അമേരിക്കയില്‍ ക്രിക്കറ്റിന്റെ നിലവാരം വളരെ വേഗത്തിലാണ് മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും അസ്ലം വിശദമാക്കി.

ദേശീയ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെട്ടതിലും പാകിസ്താന്‍ ക്രിക്കറ്റിനുള്ളിലെ രാഷ്ട്രീയത്തിലും അസംതൃപ്തനായി അമേരിക്കയിലേക്കു ചേക്കേരിയ താരങ്ങളിലൊരാളാണ് അസ്ലം. പാക് ടീമിനു വേണ്ടി 13 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

പാകിസ്താനിലെ 100ല്‍ അധികം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ അമേരിക്കയിലേക്കു കൂടുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അസ്ലം പറയുന്നു. അമേരിക്കയിലേക്കും മാറുന്നതിനെക്കുറിച്ചും ഇവിടുത്തെ സാധ്യതകളെക്കുറിച്ചും പാകിസ്താനിലെ നൂറിലേറെ ഫസ്റ്റ് ക്ലാസ് താരങ്ങള്‍ ഫോണിലൂടെ എന്നോടു തിരക്കാറുണ്ടെന്നും പാക് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ ഒരുപാട് ദക്ഷിണാഫ്രിക്കന്‍, ഓസ്ട്രേലിയന്‍ താരങ്ങളെ അമേരിക്ക ഇവിടേക്കു കൊണ്ടു വന്നതായും അസ്ലം വിശദമാക്കി.

 

You Might Also Like