ആ ഇതിഹാസ അമ്പയര്‍ വാഹനാപകടത്തില്‍ മരിച്ചു, ഞെട്ടി ക്രിക്കറ്റ് ലോകം

ലോകപ്രശസ്ത ക്രിക്കറ്റ് അമ്പയറായിരുന്ന റൂഡി കേര്‍സ്റ്റന്‍ കാറപകടത്തില്‍ മരിച്ചു. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 73കാരനായ കേര്‍സ്റ്റന്‍ വാഹനാപടത്തില്‍ പെട്ടത്. കേര്‍സ്റ്റനൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചു. കേര്‍സ്റ്റന്റെ മകന്‍ റൂഡി കേര്‍സ്റ്റന്‍ ജൂനിയര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകിരിച്ചിട്ടുണ്ട്.

‘പിതാവ് സുഹൃത്തുക്കളുമായി ഗോള്‍ഫ് ടൂര്‍ണമെന്റിന് പോയതായിരുന്നു. തിങ്കളാഴ്ച്ച മടങ്ങിവരാനായിന്നു അവരുടെ പദ്ധതി. എന്നാല്‍ മറ്റൊരു റൗണ്ട് കൂടി കളിച്ച് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.” മകന്‍ പറഞ്ഞു.

100 ടെസ്റ്റുകള്‍ നിയന്ത്രിച്ചിട്ടുളള ഇതിഹാസ അമ്പയര്‍മാരില്‍ ഒരാളാണ് കേര്‍സ്റ്റണ്‍. 108 ടെസ്റ്റുകള്‍ക്കൊപ്പം 209 ഏകദിനങ്ങളും അദ്ദേഹം നിയന്ത്രിച്ചു. 14 ടി20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നിയന്ത്രിച്ച അംപയറും കേര്‍സ്റ്റണായിരുന്നു. പിന്നീട് അലീം ദാര്‍ കേര്‍സ്റ്റന്റെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു.

1981ലാണ് കേര്‍സ്റ്റണ്‍ അംപയറിംഗ് കരിയര്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റയില്‍വെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2010ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.

ഹരാരെയില്‍ 2010 ജൂണ്‍ ഒമ്പതിന് സിംബാബ്വെ- ശ്രീലങ്ക മത്സരമാണ് കേര്‍സ്റ്റണ്‍ അവസാനമായി നിയന്ത്രിച്ച ഏകദിനം. അതേവര്‍ഷം ലീഡ്സില്‍ പാകിസ്ഥാന്‍- ഓസ്ട്രേലിയ ടെസറ്റ് മത്സരവും നിയന്ത്രിച്ച് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചു.

നിരവധി ക്രിക്കറ്റ് താരങ്ങള്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, മുന്‍ പാകിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, വഖാര്‍ യൂനിസ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

You Might Also Like