ധോണിയ്ക്ക് എന്തുകൊണ്ട് വിരമിക്കല്‍ മത്സരം പോലും ലഭിച്ചില്ല, കാരണം ചൂണ്ടിക്കാട്ടി സെലക്ടര്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായിരുന്ന മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകന്‍. നീണ്ട കരിയറിനിടെ ഐസിസിയുടെ നിരവധി ട്രോഫികളും ധോണി സ്വന്തമാക്കുകയുണ്ടായി. എന്നാല്‍ ധോണിയ്ക്ക് അര്‍ഹമായ വിരമിക്കലാണോ ലഭിച്ചത്.
അക്കാര്യത്തെ കുറിച്ച് സമ്മിശ്രമായ പ്രതികരണമാകും ആരാധകരില്‍ നിന്നും ഉണ്ടാകുക. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോണി 2020 ആഗസ്റ്റ് 15നാണ് എല്ലാവരെയും ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു യാത്രയയപ്പായിരുന്നില്ല ധോണി അര്‍ഹിച്ചിരുന്നതെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഒരു വിരമിക്കല്‍ മത്സരം പോലും ധോണിക്ക് ലഭിച്ചില്ല.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സരണ്‍ദീപ് സിങ്.
‘ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചതിനാലാണ് ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നത്. ഇത് മാറ്റിവെക്കാന്‍ തീരുമാനിച്ച് അധികം വൈകാതെ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി. കൂടാതെ കോവിഡ് വ്യാപനവും ഉണ്ടായിരുന്നു. അവസാന വര്‍ഷം ലോകകപ്പ് നടന്നിരുന്നെങ്കില്‍ ധോണി തീര്‍ച്ചയായും ഉള്‍പ്പെടുകയും വിരമിക്കല്‍ മത്സരം ലഭിക്കുകയും ചെയ്യുമായിരുന്നു’-സരണ്‍ദീപ് സിങ് പറഞ്ഞു.
ധോണിക്ക് വിരമിക്കുന്നതിന് വേണ്ടി മാത്രമായി ഒരു മത്സരം നടത്താന്‍ ബിസിസി ഐ ആലോചിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അത് നടക്കാതെ പോയി. 2020ല്‍ സിഎസ്‌കെയ്ക്കൊപ്പം ധോണി നിരാശപ്പെടുത്തുകയും സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.