ബാഴ്സ ഗേറ്റ് വിവാദം, മുൻ ബാഴ്സ പ്രസിഡന്റ് ബർതോമ്യു അറസ്റ്റിൽ

മുൻ ബാഴ്സ പ്രസിഡന്റായ ജോസെപ് മരിയ ബർതോമ്യുവിനെ കാറ്റാലൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. ബാഴ്സ ഗേറ്റ് വിവാദത്തിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലൊടുവിലാണ് ബർതോമ്യുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവായത്. ബർതോമ്യുവിനൊപ്പം ബാഴ്സ സിഇഒ ഓസ്കാർ ഗ്രൂവിനെയും അഭിഭാഷകനായ റോമൻ ഗോമെസ് പോണ്ടിയേയും ക്യാമ്പ് നൂവിൽ വെച്ചു അറസ്റ്റ് രേഖപ്പെടുത്തി. കൂടാതെ മുൻ ബാഴ്സ ഡയറക്ടർ ആയിരുന്ന യുവാൻമി മസ്‌ഫെററിനെ ബർതോമ്യുവിനെ പോലെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ബാഴ്സ താരങ്ങളെയും ചില വ്യക്തികളെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ പ്രസിഡന്റായ ബർതോമ്യു ഒരു കമ്പനിയെ ചുമതലപ്പെടുത്തിയെന്ന കാറ്റാലൻ മാധ്യമമായ കഡെന സെറിന്റെ റിപ്പോർട്ട്‌ പുറത്തുവന്നതാണ് ബാഴ്സ ഗേറ്റ് എന്ന വിവാദത്തിനു കാരണമായത്. അപകീർത്തിപ്പെടുത്താൻ ശ്രമിച്ച താരങ്ങളിൽ ലയണൽ മെസിയും ജെറാർഡ് പിക്വെ അടക്കമുള്ള മുൻ നിരതാരങ്ങൾ വരെ ഉൾപ്പെടും.

ഐത്രീ വെഞ്ച്വർസ് എന്ന സ്വകാര്യ കമ്പനിക്കാണ് ബർതോമ്യു അതിനു നിയമിച്ചിരുന്നത്. ബർതോമ്യുവിന്റെ പ്രതിച്ഛായ ഉയർത്തുന്നതിനും തനിക്കെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ അപകീർത്തിപ്പെടുത്താൻ ഒരു ആയുധമെന്ന രീതിയിൽ കമ്പനിയെ ഉപയോഗിക്കുകയും ചെയ്തിരിക്കുകയാണ്. സാധാരണ നൽകുന്നതിനേക്കാൾ ആറിരട്ടി കൂടുതൽ തുക വേതനമായി നൽകിയാണ് ബർതോമ്യു ഐത്രീ വെഞ്ച്വർസിനെ നിയമിച്ചത്.

ഓരോ വർഷവും ഒരു മില്യൺ യൂറോയോളമാണ് ഐത്രീ വെഞ്ച്വഴ്സിന് ബാഴ്സ നൽകിക്കൊണ്ടിരുന്നത്. ഇരുപതിനായിരം യൂറോ എന്ന ചെറു ഗഡുക്കളായി വിവിധ ഡിപ്പാർട്മെന്റുകൾ വഴിയാണ് ഇത്രയും തുക നൽകിപ്പോന്നിരുന്നത്. അന്വേഷണത്തിൽ അതു കണ്ടെത്തിയതോടെ കോടതി ബർതോമ്യുവിന്റെ അറസ്റ്റിനു ഉത്തരവിടുകയായിരുന്നു.

You Might Also Like