ബ്ലാസ്‌റ്റേഴ്‌സിലെത്തിയത് അനല്‍ക്ക കാരണം, ബക്കാരി കോനെ സംസാരിക്കുന്നു

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ ഒപ്പിടാനായതിന്റെ ആവേശത്തിലാണ് മുന്‍ ലിയോണ്‍ താരം കൂടിയായ ബക്കാരി കോനെ. സുഹൃത്തും ഫ്രഞ്ച് ഇതിഹാസ താരവുമായ നിക്കോളാസ് അനെല്‍ക്കയാണ് ഐഎസ്എല്ലിനെ കുറിച്ച് അറിഞ്ഞതെന്നും ഇന്ത്യയിലേക്ക് വരാനുളള കാത്തിരിപ്പിലാണ് താനെന്നും കോനെ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടതിലും ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിലും താന്‍ വളരെ ആവേശത്തിലാണ്. (നിക്കോളാസ്) അനെല്‍കയില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്, വളരെ നല്ല കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്’ കോനെ പറഞ്ഞു.

‘ഐഎസ്എലിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് അറിയാം, ഓരോ തവണ കളത്തിലിറങ്ങുമ്പോഴും നൂറുശതമാനം തന്റെ ക്ലബിന് സമര്‍പ്പിക്കാന്‍ എനിക്കിത് പ്രചോദനമാവും. ഗോവയില്‍ സഹതാരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കുമൊപ്പം ചേരാന്‍ കാത്തിരിക്കുകയാണ്. ഗോവയില്‍ ഉടന്‍ തന്നെ പ്രീസീസണ്‍ പരിശീലനത്തിനായി കെബിഎഫ്സി ടീമിനൊപ്പം ചേരും’ ബക്കാരി കോനെ കൂട്ടിചേര്‍ത്തു.

ഒളിമ്പിക് ലിയോണില്‍ അഞ്ചുവര്‍ഷകാലം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് ബക്കറി കോണെ. അവിടെ 117 മത്സരങ്ങള്‍ കളിച്ച താരം അവര്‍ക്കായി എട്ട് യുവേഫാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും 18 യൂറോപ്പ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ബര്‍കീനോ ഫാസോയിലെ ക്ലായ എറ്റോയിലെ ഫിലാന്റെയിലൂടെ വളര്‍ന്ന് വന്ന താരം അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.

തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബുകളായ ഇഎ ഗുയിമ്ഗാമ്, ലിയോണ്‍,സ്ട്രാസ്ബെര്‍ഗ്, സ്പാനിഷ് ക്ലബ്ബായ മാലാഗ സി എഫ്, തുര്‍ക്കി ക്ലബ്ബായ അങ്കറഗുക്കുവിനയും കളിച്ചു. മലാഗക്കായി ലാലിഗയില്‍ ഏഴ് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.

അവസാനമായി റഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ എഫ്സി ആര്‍സെനാല്‍ ടുലെയുടെ താരമായിരുന്നു കോണെ. ബര്‍കിന ഫാസോയ്ക്ക് വേണ്ടി ദേശീയ ടീമില്‍ ഒരുകാലത്ത് സ്ഥിരസാന്നിധ്യമായിരുന്ന ബക്കറി ടീമിനൊപ്പം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ഭാഗമായിട്ടുണ്ട്.