ക്രിസ്ത്യാനോ വിവരമില്ലാത്തവനാണ് , പരിഹസിച്ച് മുൻ യുവന്റസ് പ്രതിരോധതാരം

Image 3
FeaturedFootballSerie A

യുവന്റസിൽ മികച്ച പ്രകടനം തുടരുന്ന പോർച്ചുഗീസ് സൂപ്പർതാരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. സ്പെസിയക്കെതിരായ സീരി എ മത്സരത്തിൽ ഇരട്ട ഗോളുകളോടെ മിന്നും പ്രകടനം കാഴ്ച വെച്ച ക്രിസ്ത്യാനോ ആദ്യ അഞ്ചു ലീഗുകളിൽ ഈ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാൻ സാധിച്ചിരുന്നു. 26 ഗോളുകളാണ് ക്രിസ്ത്യാനോ ഈ വർഷം യുവന്റസിനായി അടിച്ചു കൂട്ടിയിരിക്കുന്നത്.

കളിക്കളത്തിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും മറ്റൊരു കാര്യത്തിൽ താരത്തിന്റെ വിവരമില്ലായ്മയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ യുവന്റസ് പ്രതിരോധതാരം പാസ്കൽ ബ്രൂണോ. യുവന്റസിനായി 1987 മുതൽ 1990 വരെ പ്രതിരോധം കാത്ത പാസ്കൽ ബ്രൂണോ 67 മത്സരങ്ങൾ യുവന്റസിനൊപ്പം കളിച്ചിട്ടുണ്ട്.

യുവന്റസ് സഹതാരങ്ങളോടുള്ള ക്രിസ്ത്യനോയുടെ ബഹുമാനക്കുറവിനെ വിമർശിച്ച താരം രണ്ടു വർഷമായി ഇറ്റലിയിൽ താമസിച്ചിട്ടും ഇതുവരെയും ഇറ്റാലിയൻ ഭാഷ പഠിക്കാത്ത റൊണാൾഡോ അറിവില്ലാത്തവനാണെന്നും പരിഹസിക്കുകയാണുണ്ടായത്. ഇപ്പോഴും സ്പാനിഷ് ഭാഷയാണ് താരം ഉപയോഗിക്കുന്നതെന്നും കുറ്റപ്പെടുത്തി. ടിക്കി ടാക്ക എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഈ അമ്പത്തെട്ടുകാരൻ.

“അവൻ അറിവില്ലാത്തവനാണ്, രണ്ടു വർഷമായി ഇറ്റലിയിലുണ്ടായിട്ടും ഇതുവരെയും ഞങ്ങളുടെ ഭാഷ പഠിക്കാൻ അവനു സാധിച്ചിട്ടില്ല. സ്പാനിഷ് ആണ് ഇപ്പോഴും സംസാരത്തിനു ഉപയോഗിക്കുന്നത്. തന്റെ സഹതാരങ്ങളോടും ഒപ്പം ഇറ്റലിക്കാരോടും ഒട്ടും ബഹുമാനമില്ലാത്ത ഒരുവനാണവൻ. ” ബ്രൂണോ കുറ്റപ്പെടുത്തി.