മത്സരം വീണ്ടും വൈകും, പാതിര വെടിക്കെട്ടിലേക്ക് കളി മാറും

Image 3
CricketCricket News

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം അനിശ്വിതമായി നീളുന്നു. നേരത്തെ നിശ്ചയിച്ച സമയത്തിനും രണ്ട് മണിക്കൂര്‍ കഴിഞ്ഞെ മത്സരം തുടങ്ങുവെന്ന് ആദ്യം അറിയിപ്പ് ലഭിച്ചെങ്കിലും പിന്നീട് അത് ഒരു മണിക്കൂര്‍ കൂടി നീണ്ടിരിക്കുകയാണ്.

നേരത്തെ ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം ആദ്യം 10 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ 10 മണിക്ക് മത്സരം തുടങ്ങുമെന്ന പ്രതീക്ഷിച്ചിരിക്കെയാണ് മത്സരം ഒരു മണിക്കൂര്‍ കൂടി വൈകുമെന്ന പുതിയ അറിയിപ്പെത്തിയിരിക്കുന്നത്. പുതിയ സമയക്രമമനുസരിച്ച് ടോസ് ഇന്ത്യന്‍ 10.30നായിരിക്കും.

വെള്ളിയാഴ്ച നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായ ട്രിനിഡാഡില്‍ നിന്ന് ഇരു ടീമുകളുടെയും കിറ്റുകള്‍ അടങ്ങിയ ലഗേജ് എത്താന്‍ വൈകിയതിനാലാണ് മത്സരം തുടങ്ങാന്‍ താമസിക്കുന്നതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങള്‍ക്കൊണ്ട് ട്രിനിഡാഡില്‍ നിന്ന് സെന്റ് കിറ്റ്‌സിലേക്ക് ടീമുകളുടെ കിറ്റ് അടങ്ങിയ ലഗേജുകള്‍ താമസിച്ചുപോയെന്നും ഇതിനാല്‍ ഇന്ന് നടക്കേണ്ട ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം 12.30ന്(ഇന്ത്യന്‍ സമയം രാത്രി 10ന്)മാത്രമെ തുടങ്ങൂവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ക്രിക്കറ്റ് ആരാധകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മത്സരത്തിനായി കാണികളെ പ്രാദേശിക സമയം 10 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുമെന്ന് നേരത്തെ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് അറിയിച്ചിരുന്നു.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരതതില്‍ ആദികാരിക ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പരയില്‍ ആധിപത്യമുറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ടി20 പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു