അയാള്‍ മഹാനായ കളിക്കാരനാണ്, ടീമിലെടുക്കാത്തതിനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ മുഹമ്മദ് ഷമിയെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിപ്പിക്കണമെന്ന് വാദിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഭുംറ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ഷമിയെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ലെന്നും മദന്‍ ലാല്‍ പറയുന്നു.

‘ഷമിയെ ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നിലെ കാരണം എനിക്കു മനസിലാവുന്നില്ല. ഷമി മഹാനായ ബൗളറാണ്. ജസ്പ്രീത് ഭുംറയ്ക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ഷമി’ മദന്‍ ലാല്‍ പറയുന്നു.

‘ടി20 ഫോര്‍മാറ്റില്‍ വിക്കറ്റുകളെടുക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരെയാണ് വേണ്ടത്. റണ്ണൊഴുക്ക് തടയാന്‍ മാത്രമുള്ള ബൗളര്‍മാരായിട്ട് വേണ്ട. ടി20 ക്രിക്കറ്റില്‍ റണ്ണൊഴുക്ക് തടയാന്‍ പ്രയാസമാണ്. തടയാനുള്ള ഏക വഴി വിക്കറ്റുകളെടുക്കുകയെന്നതാണ്. ഷമിക്ക് അത് സാധിക്കും’ മദന്‍ലാല്‍ പറഞ്ഞു.

‘ടി20 ലോകകപ്പില്‍ ഷമിയെ ഇന്ത്യന്‍ ടീമിലെടുത്തില്ലെങ്കില്‍ സെലക്ടര്‍മാര്‍ ചെയ്യുന്ന വലിയ പിഴവായിരിക്കും. നിലവില്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളര്‍മാരേക്കാള്‍ മോശമാണ് ഷമിയെന്ന് ഞാന്‍ കരുതുന്നില്ല’ മദന്‍ലാല്‍ തുറന്നടിച്ചു.

ഇന്ത്യന്‍ യുവ ബൗളര്‍ അര്‍ഷദീപ് സിംഗിനെ പ്രശംസിക്കാനും മദന്‍ലാല്‍ മറന്നില്ല.

‘പാകിസ്ഥാനെതിരെ കടുത്ത സമ്മര്‍ദ്ദത്തിനിടിയിലും അവന്‍ നന്നായി പന്തെറിഞ്ഞു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഹീറോയായി മാറാനുള്ള അവസരമാണ് അവനു ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ ഏറെ മിസ് ചെയ്യുക ജസ്പ്രിത് ഭുംറയെയാണ്. വിക്കറ്റെടുക്കാനും റണ്‍സ് നിയന്ത്രിക്കാനും ഭുംറയ്ക്ക് സാധിക്കും.” മദന്‍ലാല്‍ കൂട്ടിചേര്‍ത്തു.

 

You Might Also Like