ഇന്ത്യന്‍ പേസറുടെ മകന്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍, ഇതാ പുതുചരിത്രം
മുന്‍ ഇന്ത്യന്‍ പേസറുടെ മകന്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. ശ്രീലങ്കക്കെതിരെ നടക്കുന്ന അണ്ടര്‍ 19 മത്സത്തിനുള്ള ഇംഗ്ലണ്ട് ടീമിലേക്കാണ് കൗമാരതാരം തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയുടെ മുന്‍ പേസറായ രുദ്ര പ്രതാപ് സിംഗിന്റെ (ആര്‍.പി. സിംഗ്) മകന്‍ ഹാരിയാണ് ഇംഗ്ലീഷ് അണ്ടര്‍ 19 ടീം ജഴ്‌സി അണിയാന്‍ ഒരുങ്ങുന്നത്. 1986ല്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടു ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാരമാണ് ആര്‍.പി സിംഗ്. പിന്നാലെ കരിയര്‍ ഉപേക്ഷിച്ച് 1990കളുടെ അവസാനത്തില്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറി. അവിടെ ലങ്കാഷെയര്‍ കൗണ്ടി ക്ലബിന്റെയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും പരിശീലക ചുമതലകള്‍ വഹിച്ചിരുന്നു.
നിലവില്‍ ലങ്കാഷെയറിന്റെ ബാറ്ററാണ് ഹാരി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അണ്ടര്‍ 19 ടീമിലേക്ക് മകന്‍ ഹാരിയെ തെരഞ്ഞെടുത്ത വിവരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിളിച്ചറിയച്ചതെന്ന് ആര്‍.പി. സിംഗ് പറഞ്ഞു.
ഇന്ത്യന്‍ വംശജരായ കളിക്കാരുള്‍പ്പെടെ നിരവധി ദക്ഷിണേഷ്യന്‍ താരങ്ങള്‍ ഇംഗ്ലണ്ട് ജൂനിയര്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. എന്നാല്‍ ടോപ്പ് ലെവലേക്ക് മാറാന്‍ ശ്രമിക്കുമ്പോള്‍ മകന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് എളുപ്പമല്ല, ഉയര്‍ന്ന തലത്തിലെത്താന്‍ നിങ്ങള്‍ക്ക് കുറച്ച് ഭാഗ്യവും ധാരാളം റണ്‍സും ആവശ്യമാണ്. 90കളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ നിരവധി ക്രിക്കറ്റ് കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ അവര്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചപ്പോള്‍ പരാജയപ്പെട്ടു. ഹാരി വളരുമ്പോള്‍, ഓരോ ക്രിക്കറ്റ് താരവും ചെയ്യുന്ന സാങ്കേതിക ക്രമീകരണങ്ങള്‍ അയാള്‍ക്ക് വരുത്തേണ്ടിവരും’ ആര്‍.പി സിംഗ് പറഞ്ഞു.
57കാരനായ സിങ്ങിന്റെ മകളും മുമ്പ് ലങ്കാഷെയര്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ മെഡിസിന്‍ വിദ്യാര്‍ഥിനിയാണ്. എട്ടാം വയസ്സിലാണ് ഹാരി ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്.