ആ ഒരു കോടിയ്ക്ക് കാത്തിരുന്നില്ല, സുവര്‍ണ തലമുറയിലെ ആ ഇന്ത്യന്‍ താരം അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനും ദേശീയ സെലക്ടറുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്വാദ് അന്തരിച്ചു. 71 വയസ്സായിരുന്നു. രക്താര്‍ബുധത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരന്നു. 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ച അദ്ദേഹം 22 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് മടങ്ങിയത്. ഗെയ്ക്വാദിന്റെ ചികിത്സയ്ക്കായി ഏറെ പ്രതിഷേധങ്ങള്‍ക്കാടുവില്‍ ബിസിസിഐ ഒരു കോടി രൂപ രണ്ടാഴ്ച്ച മുമ്പ് അനുവദിച്ചിരുന്നു. 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളും അദ്ദേഹത്തിന് സഹായം നല്‍കി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും ഗെയ്ക്വാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998-ല്‍ ഷാര്‍ജയിലും 1999-ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ അനില്‍ കുംബ്ലെ പാക്കിസ്ഥാനെതിരെ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയപ്പോഴുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിമിഷങ്ങള്‍.
പ്രധാനമന്ത്രിയുടെ അനുശോചനം
ഗെയ്ക്വാദിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദ് ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹം ഒരു പ്രതിഭാധനനായ കളിക്കാരനും മികച്ച പരിശീലകനുമായിരുന്നു,’ മോദി ട്വീറ്റ് ചെയ്തു.

ബിസിസിഐ സെക്രട്ടറിയുടെ അനുശോചനം
ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗെയ്ക്വാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘ഗെയ്ക്വാദിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ ഹൃദയഭേദകമാണ് ഈ വാര്‍ത്ത. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,’ ഷാ എക്സില്‍ (മുമ്പ് ട്വിറ്റര്‍) കുറിച്ചു.
സുനില്‍ ഗവാസ്‌കറിന്റെ ഓപ്പണിംഗ് പങ്കാളി
1974 നും 1984 നും ഇടയില്‍, സുനില്‍ ഗവാസ്‌കറിന്റെ ഓപ്പണിംഗ് പങ്കാളിയാകാന്‍ ചേതന്‍ ചൗഹാനുമായി ഗെയ്ക്വാദ് മത്സരിച്ചു. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാനെതിരെ ഇരട്ട സെഞ്ച്വറി നേടിയ അദ്ദേഹം 1976-ല്‍ ജമൈക്കയിലെ സബീന പാര്‍ക്കില്‍ യുവ മൈക്കല്‍ ഹോള്‍ഡിംഗിനെയും വെയ്ന്‍ ഡാനിയലിനെയും നേരിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
1998 നും 1999 നും ഇടയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹത്തിന്റെ കീഴിലാണ് ഹര്‍ഭജന്‍ സിംഗ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ദേശീയ സെലക്ടറായും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഗവാസ്‌കര്‍, കപില്‍ ദേവ്, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, ക്ലൈവ് ലോയ്ഡ്, ആന്‍ഡി റോബര്‍ട്ട്സ്, ഫാറൂഖ് എഞ്ചിനീയര്‍, മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്സര്‍ക്കര്‍ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഗെയ്ക്വാദിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.