സൂര്യയും ഇഷാനുമെല്ലാം എങ്ങനെ ഇങ്ങനെയായെന്ന് നോക്കൂ, പൊട്ടിത്തെറിച്ച് ആമിര്‍

Image 3
CricketCricket News

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി പാക് പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്ത്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വന്‍ പരാജയമാണെന്നാണ് ആമിര്‍ തുറന്നടിയ്ക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഉളള കാര്യക്ഷമത ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന് ആമിറിന്റെ വിമര്‍ശനം.

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുമ്പോഴേയ്ക്കും ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവര്‍ ആര്‍ജിച്ചെടുത്ത മത്സരപരിചയം ആമിര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനില്‍ മാത്രം ദേശീയ ടീമിലെത്തിയശേഷം കളി പഠിക്കേണ്ട അവസ്ഥയാണെന്ന് ആമിര്‍ പരിതപിക്കുന്നു.

‘ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് രാജ്യാന്തര ക്രിക്കറ്റിലേക്കു കൊണ്ടുവരുന്നതു നോക്കൂ. ജൂനിയര്‍ വിഭാഗത്തിലും ആഭ്യന്തര ക്രിക്കറ്റിലുമായി കളി പഠിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ ശോഭിക്കാന്‍ തയാറെടുത്താണ് അവിടങ്ങളില്‍ യുവതാരങ്ങള്‍ ദേശീയ ടീമിലെത്തുന്നത്. ദേശീയ ജഴ്‌സിയില്‍ കളത്തിലിറങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് തിളങ്ങാനാകുന്നത് ആഭ്യന്തര തലത്തില്‍ത്തന്നെ നല്ല രീതിയില്‍ കളി പഠിച്ചതുകൊണ്ടാണ്’ ആമിര്‍ ചൂണ്ടിക്കാട്ടി.

‘ഇനി പാക്കിസ്ഥാനിലെ അവസ്ഥ നോക്കൂ. ദേശീയ ടീമിലെത്തിയശേഷം അവിടുത്തെ പരിശീലകരില്‍നിന്ന് പഠിക്കേണ്ട അവസ്ഥയിലാണ് നമ്മുടെ യുവതാരങ്ങള്‍. ആഭ്യന്തര തലത്തിലും ജൂനിയര്‍ ക്രിക്കറ്റിലും പഠിക്കേണ്ട കാര്യങ്ങള്‍ പോലും അവര്‍ മനസ്സിലാക്കിയെടുക്കുന്നത് ദേശീയ ടീമിലെത്തിയ ശേഷമാണ്’ ആമിര്‍ ചൂണ്ടിക്കാട്ടി.

‘ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവരെ നോക്കൂ. അവര്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറുമ്പോള്‍ത്തന്നെ രാജ്യാന്തര തലത്തില്‍ കളിക്കാന്‍ പാകമായവരായിരുന്നു. ഇന്ത്യന്‍ ടീമിലെത്തിയശേഷം പരിശീലകരില്‍നിന്ന് കൂടുതലായി എന്തെങ്കിലും പഠിക്കേണ്ട ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ വര്‍ഷങ്ങളോളം ആഭ്യന്തര തലത്തിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവ് ഏറ്റവും അനായാസമാക്കി’ ആമിര്‍ ചൂണ്ടിക്കാട്ടി.

‘കളി പഠിക്കേണ്ട സ്‌കൂള്‍ ക്രിക്കറ്റല്ല രാജ്യാന്തര വേദികള്‍. കളിയെക്കുറിച്ച് വിശദമായി അറിയാവുന്ന, ആവശ്യമായ ആയുധങ്ങളെല്ലാം സ്വായത്തമാക്കി എന്തിനും തയാറായിരിക്കുന്ന താരങ്ങളാണ് അവിടെ പയറ്റുന്നത്. നിങ്ങള്‍ക്ക് കളിയെക്കുറിച്ച് പഠിക്കണമെങ്കില്‍ വല്ല അക്കാദമികളിലോ ആഭ്യന്തര തലത്തിലോ വച്ച് പഠിക്കണം. അല്ലാതെ ഇതൊന്നുമറിയാതെ രാജ്യാന്തര തലത്തില്‍ കളിക്കാനിറങ്ങിയിട്ടു കാര്യമില്ല’ ആമിര്‍ പറഞ്ഞു.

‘പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ സാങ്കേതികത്തികവില്ലാത്ത താരങ്ങള്‍ രാജ്യാന്തര വേദിയില്‍ കളിക്കാനെത്തുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അവരുടെ വരവ്. ആ പ്രതീക്ഷ തെറ്റാണെന്ന് അധികം വൈകാതെ ബോധ്യമാവുകയും ചെയ്യും’ ആമിര്‍ പറഞ്ഞു.

17ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ മുഹമ്മദ് ആമിര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവി സൂപ്പര്‍താരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, കരിയറിന്റെ ആരംഭത്തില്‍ത്തന്നെ വാതുവയ്പ്പ് വിവാദത്തില്‍ കുരുങ്ങി താരം അഞ്ച് വര്‍ഷത്തോളം വിലക്കില്‍ കുരുങ്ങി. ഇതിനിടെ ജയിലിലും കിടന്നു. പിന്നീട് കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും 2019ല്‍, 28ാം വയസ്സില്‍ ടെസ്റ്റ് കരിയറിന് വിരാമമിട്ടു.