പന്തും രാഹുലും അയ്യരുമൊന്നുമല്ല, നായകസ്ഥാനത്തേയ്ക്ക് പുതിയൊരാളുടെ പേര് പറഞ്ഞ് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ അടുത്ത നായകനായി വിലയിരുത്തപ്പെടുന്ന നിരവധി താരങ്ങളുടെ പേരുകള്‍ ഇതിനോടകം തന്നെ സുപരിചിതമാണ്. രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം രോഹിത്ത് ശര്‍മ്മ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കും എന്ന് ഏതാണ്ട് ഉറപ്പായിരിക്കെ ഇന്ത്യയുടെ പുതിയ നായകനാരായിരിക്കണം എന്ന കാര്യത്തില്‍ ചൂടുളള ചര്‍ച്ചകള്‍ നടക്കുന്നത്.

കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് ഇതുവരെ സജീവമായി കേട്ടിരുന്നത്. എന്നാല്‍ ഇക്കൂട്ടത്തിലേക്ക് മറ്റൊരു താരത്തിന്റെ പേര് മുന്നോട്ട് വെക്കുകയാണ് മുന്‍ ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബാ കരീം.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയപ്പോള്‍ കളിയിലെ താരമായ തെരഞ്ഞെടുക്കപ്പെട്ട ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പേരാണ് സാബാ കരീം മുന്നോട്ടുവെക്കുന്നത്. മൂന്ന് മത്സരങ്ങളിലും ബാറ്റിംഗില്‍ തിളങ്ങിയ ഗില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയ ഗില്‍ മൂന്ന് ഇന്നിംഗ്സില്‍ 102.50 ശരാശരിയില്‍ 205 റണ്‍സ് നേടി.

മഴ തടസപ്പെടുത്തിയ മൂന്നാം ഏകദിനത്തില്‍ ഗില്‍ സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ പുറത്താകാതെ നിന്നു. ബാറ്റിംഗില്‍ മാത്രമല്ല, നേതൃപാടവത്തിലും ഗില്‍ മുന്നിലാണ് എന്നാണ് സാബാ കരീമിന്റെ നിരീക്ഷണം. വരും ഭാവിയില്‍ ഐപിഎല്‍ നായകനായി ശുഭ്മാന്‍ ഗില്ലിനെ കാണാമെന്നും അദ്ദേഹം പറയുന്നു.

‘ഇത്തരം പരിചയസമ്പത്ത് ലഭിക്കുന്നത് നല്ലതാണ്. ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലുമൊരു ഐപിഎല്‍ ടീമിനെ ഗില്‍ നയിക്കുന്നത് കാണാം. അത്തരമൊരു അവസരം ലഭിച്ചാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെ നയിക്കാന്‍ ഗില്ലിനാകും. ഗില്‍ പരിചയസമ്പത്ത് കൂട്ടണം. ഇപ്പോള്‍ തന്നെ കുറച്ച് നേതൃപാടവം താരം കാണിക്കുന്നുണ്ട്. ഭാവിയില്‍ ഇത് ഗില്ലിന് ഗുണം ചെയ്യും’ സാബാ കരീം പറയുന്നു.

‘ശുഭ്മാന്‍ ഗില്‍ ഏറെ വൈവിധ്യമുള്ള ബാറ്ററാണ്. ഇന്ത്യക്കായി ഓപ്പണറായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അവസരം ലഭിച്ചാല്‍ പ്രത്യേകിച്ച് ടി20യില്‍ നമ്പര്‍ മൂന്നിലോ നാലിലോ തിളങ്ങാനും അദ്ദേഹത്തിനാകും. ഈ ബാറ്റിംഗ് പൊസിഷനുകളില്‍ അനായാസം ഗില്ലിന് ഇഴകിച്ചേരാനാകും’ എന്നും സാബാ കരീം കൂട്ടിച്ചേര്‍ത്തു.