ജർമൻ സൂപ്പർതാരം 29-ാം വയസ്സിൽ ബൂട്ടഴിക്കുന്നു! ഞെട്ടിത്തരിച്ചു ഫുട്ബോൾ ലോകം
ഒരു മാസം മുൻപ് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിലെ കരാറിൽ നിന്നും വേൾഡ് കപ്പ് ജേതാവും മുൻ ചെൽസി താരവുമായ ആന്ദ്രേ ഷുർളിനെ സ്വാതന്ത്രനാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനു ശേഷം വെറും 29 വയസുള്ള ലോകകപ്പ് ജേതാവായ ജർമൻ താരം ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന തീരുമാനം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
ഇരുപത്തിമൂന്നാം വയസിൽ ജര്മനിക് വേണ്ടി മികച്ചപ്രകടനം നടത്തി ലോകകപ്പിൽ മുത്തമിട്ട താരം 6 വര്ഷമെന്ന ചെറിയ കാലയളവിനു ശേഷം വിരമിക്കൽ തീരുമാനത്തിലെത്തി നിൽക്കുകയാണ്. ജർമൻ ക്ലബായ മെയിൻസിനൊപ്പം കരിയർ ആരംഭിച്ച ഷുർലെ ബയേർ ലെവർകുസനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രസിദ്ധിയാർജിക്കുന്നത്. 2013ൽ പ്രീമിയർലീഗിലേക്ക് ചേക്കേറിയ താരം ചെൽസിക്കൊപ്പം പ്രീമിയർലീഗ് കിരീടവും നേടിയിട്ടുണ്ട്.
ഡോർട്മുണ്ടിലേക്ക് ചേക്കേറുന്നതിനു മുമ്പേ ചെൽസിയിൽ ഒരു സീസൺ മാത്രമേ ജർമൻ താരത്തിന്റെ ഫുട്ബോളിന് ആയുസ്സുണ്ടായിരുന്നുള്ളു. ആ കാലയളവിൽ തന്നെ പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം മികച്ച പ്രകടനം നടത്തി ലോകകപ്പിൽ മുത്തമിടാനും താരത്തിനു സാധിച്ചു. 2014 ജനുവരിയിൽ ചെൽസി വിട്ട താരം വോൾവ്സ്ബെർഗിന് വേണ്ടി കളിക്കുകയും 2016ൽ ബൊറൂസ്സിയ ഡോർട്മുണ്ടിൽ ചേരുകയായിരുന്നു. ഡോർട്മുണ്ടിനു വേണ്ടി വെറും 54 മത്സരങ്ങൾ കളിച്ച ഷുർലെ ലോണിൽ ഫുൾഹാമിന് വേണ്ടിയും സ്പാർട്ടക് മോസ്കോക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
“ഞാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങുകയാണെന്നു നിങ്ങളെ അറിയിക്കാനാഗ്രഹിക്കുകയാണ്. ഇത്രയും വര്ഷങ്ങളായി എന്റെയൊപ്പമുണ്ടായിരുന്ന എല്ലാവർക്കും എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലും നന്ദി അറിയിക്കുകയാണ്. നിങ്ങൾ എനിക്ക് തന്ന പിന്തുണയും സ്നേഹവും വളരെ വലുതാണ്. എന്നരികിലേക്കു വരുന്ന ഓരോ പുതിയ മനോഹരമായ അവസരങ്ങൾക്ക് വേണ്ടിയും തയ്യാറാണ് ഞാൻ. ” ആന്ദ്രേ ഷുർളെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.