നെയ്മർ പണക്കൊതിയന്‍! പ്രായത്തിന്റെ പക്വത കാണിക്കണമെന്ന് ബ്രസീലിയൻ ഇതിഹാസം

ലാറ്റിനമേരിക്കയുടെ ഇപ്പോഴത്തെ ഏറ്റവും വിഖ്യാതനായ കളിക്കാരന്‍ തന്റെ സ്വപ്നനിദ്രയില്‍ നിന്നെഴുന്നേല്‍ക്കണമെന്നും കൂടുതല്‍ പക്വത കാണിക്കണമെന്നുമാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഫ്രീകിക്ക് ടേക്കറും ഇതിഹാസവുമായ ജൂണിഞ്ഞോയുടെ അഭിപ്രായം. പണത്തിനു മേല്‍ പരുന്തും പറക്കില്ലെന്നു വിശ്വസിക്കുന്ന ബ്രസീലിയന്‍ പാരമ്പര്യത്തിനടിമയാണ് നെയ്മറെന്നാണ് ബ്രസീലിയന്‍ ഇതിഹാസം ആരോപിക്കുന്നത്.
ഇരുപതുവര്‍ഷത്തെ കരിയറില്‍ സ്വതസിദ്ധമായ ഫ്രീകിക്ക് പാടവത്തിനു പേരുകേട്ട ജൂണിഞ്ഞോ ബ്രസീലിനു വേണ്ടി 40 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. പണത്തിനു പിന്നാലെയാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതെന്നും സ്വയംപരിശോധന ആവശ്യമാണെന്നും കുറച്ചുകൂടി പക്വത കാണിക്കണമെന്നുമാണ് ജുണീഞ്ഞോ പറയുന്നത്.
ബ്രസീലിന്റെ പണത്തിലധിഷ്ഠിതമായ പാരമ്പര്യത്തില്‍ ജനിച്ചുവളരുമ്പോള്‍ മോശം തീരുമാനങ്ങളിലേക്കാണ് പലപ്പോഴും എത്തിച്ചേരുകയെന്നും ജൂണിഞ്ഞോ ചൂണ്ടിക്കാട്ടി.
താന്‍ തന്നെ ബ്രസീലിലെ മികച്ച ക്ലബ്ബുകളിലേക്ക് മാറുമ്പോള്‍ അവിടുത്തെ കളിയെപ്പറ്റിയല്ല ചിന്തിച്ചത് മറിച്ചു ആര് എനിക്ക് മികച്ച ഓഫറുകള്‍ തരുമെന്നാണ്. അതാണ് ബ്രസീലിയന്‍ സമ്പ്രദായം. അത് സ്വതസിദ്ധമായി ബ്രസീലുകാരിലുണ്ട്. ജൂണിഞ്ഞോ മാധ്യമമായ ദി ഗാര്‍ഡിയനോട് പ്രതികരിച്ചു.
‘നിങ്ങള്‍ നെയ്മറിലേക്ക് ശ്രദ്ദിക്കുക. പണത്തിനു പിന്നാലെ നെയ്മര്‍ പിഎസ്ജിയിലേക്ക് പോവുന്നു. പിഎസ്ജി അവനുവേണ്ടതെല്ലാം നല്‍കി. ഇപ്പോള്‍ കരാറവസാനിക്കുന്നതിനു മുന്‍പേ പിഎസ്ജിയില്‍ നിന്ന് പോണമെന്നു പറയുന്നു. പക്ഷെ ഇപ്പോള്‍ നെയ്മറിന് ക്ലബ്ബിനോടുള്ള നന്ദി കാണിക്കേണ്ട സമയമാണ്. ബ്രസീലിലെ പാരമ്പര്യമല്ല യുറോപ്പിലുള്ളത്. പണത്തിനേക്കാള്‍ വലുതായി അവര്‍ക്ക് പലതുമുണ്ട് അത് നെയ്മര്‍ മനസിലാക്കേണ്ട സമയമായിരിക്കുന്നു’ ജൂണിഞ്ഞോ അഭിപ്രായപ്പെട്ടു.