നെയ്മറെക്കാൾ മെസിയെ ഇഷ്ടപ്പെടുന്നവർ ബ്രസീലിലുണ്ട്, തുറന്ന് പറഞ്ഞ് ബ്രസീൽ താരം

Image 3
FeaturedFootball

അര്ജന്റീനയും ബ്രസീലും ചിരവൈരികളാണെങ്കിലും ലയണൽ മെസിയെ പ്രശംസിക്കുന്നതിൽ അതെല്ലാം മാറ്റിവെക്കുകയാണ് മുൻ ബ്രസീൽ താരം സെ റോബർട്ടോ. നെയ്മറേക്കാൾ ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ബ്രസീലിൽ ഉണ്ടെന്നും മെസ്സി വേൾഡ്കപ്പ് നേടുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം TYC സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

റയൽ മാഡ്രിഡിനും ബയേൺ മ്യൂണിക്കിനും വേണ്ടി ബൂട്ടുകെട്ടിയ സെ റോബർട്ടോ ബ്രസീലിയൻ ദേശിയ ടീമിനായി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിൻ്റെ 2 കോപ്പ അമേരിക്ക വിജയങ്ങളിലും (1997, 1999) രണ്ട് കോൺഫെഡറേഷൻസ് കപ്പ് വിജയങ്ങളിലും (1997, 2005) അദ്ദേഹം പങ്കാളിയായിരുന്നു.

“മെസ്സി ലോകകപ്പ് നേടിയാൽ എനിക്ക് ഏറെ സന്തോഷമാവും. അതോടെ മെസ്സിക്ക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാറാം. മെസ്സിയുടെ കരിയറിൽ അദ്ദേഹത്തിന് ലഭിക്കാതെ പോയ ഒരേ ഒരു കിരീടം ഇതാണ്. പെലെക്കും മറഡോണക്കുമൊപ്പം ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സിയും. ബ്രസീലിൽ നെയ്മറെക്കാൾ മെസിയെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട്. കാരണം മെസി കളിക്കുന്നത് ബ്രസീലുകാരെ പോലെയാണ്” സെ റോബർട്ടോ ടിവൈസി സ്പോർട്സിനോട് അഭിപ്രായപ്പെട്ടു.

മെസ്സിയാണോ മറഡോണയാണോ മികച്ച താരമെന്നു ചോദിച്ചാൽ താൻ മെസ്സിയാണെന്ന് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മെസ്സിക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. അഞ്ച് തവണയിലധികം അദ്ദേഹം ലോകത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മൾ കണ്ടതാണ്. അതുകൊണ്ടാണ് ഞാൻ മെസ്സിയെ തെരഞ്ഞെടുക്കുന്നത്. പത്ത് വർഷത്തിലധികമായി അദ്ദേഹം ഉന്നത നിലവാരത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.” റോബർട്ടോ വ്യക്‌തമാക്കി.