വെറും ഇടത്തരം പരിശീലകനാണ് സെറ്റിയൻ! ആഞ്ഞടിച്ച് ബാഴ്‌സ ഇതിഹാസം!
ലാലിഗ കിരീടം നഷ്ടപ്പെട്ടതോടെ കികെ സെറ്റിയന്റെ ബാഴ്‌സയിലെ പരിശീലകസ്ഥാനം തുലാസിലായിരിക്കുകയാണ്. അവസാന മത്സരം ആധികാരികമായി വിജയിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗ് നേടാനുള്ള നിലവാരം ബാഴ്‌സയ്ക്കില്ലെന്നു മെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കൊറോണക്ക് ശേഷം സമനിലകളിലൂടെ പോയിന്റ് കളഞ്ഞത് ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു.
കിരീടം നഷ്ടപ്പെടുത്തിയതില്‍ ബാഴ്സ ബോര്‍ഡിനു വലിയ പങ്കുണ്ടെന്നാണ് മുന്‍ ബാര്‍സലോണ സ്ട്രൈക്കറും ഇതിഹാസവുമായ ഹൃസ്റ്റോ സ്റ്റോയ്ക്കൊവിന്റെ അഭിപ്രായം. ഏറ്റവും കൂടുതല്‍ തന്നെ ഉത്കണ്ഠപ്പെടുത്തുന്നത് ബാഴ്സ ഒരു ബില്യണു മുകളില്‍ ചെലവാക്കിയിട്ടും ഒന്നും നേടാനായില്ലെന്നതാണെന്നും സ്റ്റോയ്ക്കോവ് കൂട്ടിച്ചേര്‍ത്തു.
‘ബാഴ്സ റോമിനോട് മൂന്നു ഗോളിന് തോറ്റപ്പോഴും ലിവര്‍പൂളിനോട് നാല് ഗോളിന് തോറ്റപ്പോഴും കോപ്പ ഡെല്‍ റെയില്‍ വലന്‍സിയയോട് തോറ്റ് പുറത്തായപ്പോഴും നിങ്ങള്‍ വാല്‍വെര്‍ദെയെ പുറത്താക്കിയില്ല. എന്നാല്‍ ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ നിങ്ങള്‍ വാല്‍വെര്‍ദെയെ പുറത്താക്കി’ സ്റ്റോയ്ക്കോവ് പറഞ്ഞു.
വാല്‍വെര്‍ഡെയെ പുറത്താക്കി ബാഴ്‌സ ബോര്‍ഡ് ഒരു ഇടത്തരം പരിശീലകനെയാണ് കൊണ്ടുവന്നതെന്നും അത് ബാഴ്സക്ക് ചേര്‍ന്നതല്ലെന്നും സ്റ്റോയ്ക്കോവ് അഭിപ്രായപ്പെട്ടു.
ബാഴ്സക്ക് ചേര്‍ന്ന നിലവാരം സെറ്റിയനും അസ്സിസ്റ്റന്റിനും ഇതു വരെ മത്സരങ്ങളില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ബാഴ്സയുടെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ താന്‍ സന്തുഷ്ടനല്ലെന്നും സ്റ്റോയ്ക്കോവ് അഭിപ്രായപ്പെട്ടു.